കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തിൽ സ്വപ്നസാഫല്യം.
രണ്ട് ഓൾറൗണ്ടർമാരാണ് കലാശപ്പോരിൽ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ദീപ്തി ശർമയും ഷെഫാലി വർമയും. അർധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങിൽ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ലോറയും ടാസ്മിൻ ബ്രിട്ട്സും (23) ചേർന്ന് 51 റൺസെടുത്തു. ടാസ്മിനെ റണ്ണൗട്ടാക്കി അമൻജോത് കൗർ തന്നെയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്.
ഒരറ്റത്ത് ലോറ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പിടിമുറുക്കി. തന്റെ അടുത്തടുത്ത ഓവറുകളിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഷെഫാലി നൽകിയ ‘ഇംപാക്ട്’ ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
30–ാം ഓവറിൽ സിനാലോ ജാഫ്തയെ (16) പുറത്താക്കിയാണ് ദീപ്തി വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് പത്ത് ഓവറോളം വിക്കറ്റ് പോകാതെ ദക്ഷിണാഫ്രിക്ക പൊരുതി.
40–ാം ഓവറിൽ ആനെറി ഡെർക്സെനി (35) വീഴ്ത്തി വീണ്ടും ദീപ്തി കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ലോറ വോൾവാർട്ടിനെ 42–ാം ഓവറിൽ ദീപ്തിയുടെ പന്തിൽ അമൻജോത് കൗറാണ് കയ്യിലൊതുക്കിയത്.

+ There are no comments
Add yours