യുഎഇ: പ്രശസ്ത ട്രാവൽ ഇൻഫ്ലുവൻസറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ് അന്തരിച്ചു . 32 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുടുംബമാണ് മരണവാർത്ത പങ്കുവെച്ചത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരണവാർത്ത പുറത്തുവരുന്നതിന് മുൻപ് അനുനയ് സൂദ് ലാസ് വെഗാസിലായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. ഇതായിരുന്നു അവസാന സോഷ്യൽ മീഡിയ പോസ്റ്റുകൾ.
“ഞങ്ങളുടെ പ്രിയപ്പെട്ട അനുനയ് സൂദിൻ്റെ വിയോഗത്തെക്കുറിച്ച് വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ നിങ്ങളെ അറിയിക്കുന്നത്” – എന്ന് കുടുംബം പ്രസ്താവനയിലൂടെ പറഞ്ഞു. “ഈ വിഷമഘട്ടത്തിൽ നിങ്ങളുടെയെല്ലാം പിന്തുണയും സ്വകാര്യതയും ഞങ്ങൾ അഭ്യർഥിക്കുന്നു. ദയവായി വ്യക്തിപരമായ വസതിക്ക് സമീപം കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർഥിക്കുന്നു. അനുനയ് സൂദിനെയും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവരെയും നിങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലും ഉൾപ്പെടുത്തണം. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ” – എന്ന് കുടുംബം പറഞ്ഞു.
ഇന്നലെ രാത്രി മുതലാണ് അനുനയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. തുടർന്ന് അനുനയുടെ കുടുംബം ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. ദുഃഖവാർത്ത പുറത്തുവന്നതോടെ ആരാധകരും സഹയാത്രികരായ വ്ലോഗർമാരും അനുശോചനം അറിയിച്ചുകൊണ്ട് രംഗത്തെത്തി.

+ There are no comments
Add yours