യു.എ.ഇ: ‘ദ ഫ്ലവർ’, ‘ഹണീബീ’ എന്നീ രണ്ട് ബാലകഥകൾ പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് യു.എ.ഇയിലെ അൽമഹ റഷീദ് അൽമീരി(AlMaha Rashed AlMheiri) എന്ന മൂന്ന് വയസുകാരി എമിറാത്തി പെൺകുട്ടി. 24 മണിക്കൂറിനുള്ളിൽ, അവളുടെ രണ്ട് പുസ്തകങ്ങളുടെയും 1,000-ലധികം കോപ്പികൾ അവർ വിറ്റു, ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി ആയി മാറിയിരിക്കുകയാണ് അൽമഹ.
2024 ജനുവരി 7ാം തീയ്യതിയാണ് അൽമഹ എന്ന മിടുക്കി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയത്. പറയാനും എഴുതാനും ചിത്രങ്ങൾ വരയ്ക്കാനും ഉള്ള അൽമഹയുടെ പ്രത്യേക കഴിവ് അവളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ്. അവളുടെ സമപ്രായക്കാരായ കുട്ടികൾക്ക് ഇഷ്ടമുള്ള തരത്തിൽ കഥകൾ എഴുതാനും ആ കഥകൾക്കിടയിൽ അതിനനുയോജ്യമായ ചിത്രങ്ങൾ വരച്ചു ചേർക്കാനും അൽമഹ നാളുകളായി പ്രയത്നത്തിലാണ്. ഒടുവിൽ അവളുടെ എഴുത്തിനും ഊർജ്ജസ്വലമായ ഡ്രോയിങ്ങുകൾക്കും അംഗീകാരങ്ങൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു.
അവളുടെ രണ്ട് കഥകളിലും, അൽമഹ പരിസ്ഥിതിക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. “പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തന്റെ പ്രായത്തിലുള്ള കുട്ടികളിൽ വളർത്താൻ അൽമഹ ആഗ്രഹിച്ചു.”അതിനുള്ള തെളിവാണ് ഈ പുസ്തകങ്ങളെന്ന് അൽമഹയുടെ മാതാവ് പറയുന്നു. കഴിഞ്ഞ നവംബറിൽ ദുബായിൽ COP28 സന്ദർശിച്ചപ്പോൾ, അൽമഹയ്ക്ക് പരിസ്ഥിതി പ്രമേയമായ കഥകൾക്കായി ആശയങ്ങൾ ലഭിച്ചതായി കരുതുന്നുവെന്നും അൽമഹയുടെ മാതാവ് പറഞ്ഞു.
+ There are no comments
Add yours