മരണത്തിനും അവസാന ദിവസങ്ങൾക്ക് മുമ്പ് ആർ.ജെ. മിറ്റെ നൽകിയ ഒരു അഭിമുഖം ശ്രദ്ധേയമാകുന്നു. വൈറ്റ് കുടുംബത്തിന്റെ കഥ അവസാനിച്ചിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നതായി ആർ.ജെ. മിറ്റ് അഭിമുഖത്തിൽ പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം, ‘ബ്രേക്കിംഗ് ബാഡ്’ എന്ന പരമ്പരയിൽ വാൾട്ടർ വൈറ്റ് ജൂനിയറായി വേഷമിട്ട ആ നടൻ ടെക്സാസിലെ ബ്രൗൺസ്വില്ലിൽ അന്തരിച്ചു. 34 വയസ്സായിരുന്നു അദ്ദേഹത്തിന്.
മരിക്കുന്നതിന് ഏഴ് ദിവസം മുമ്പ് ‘ദി ജോ വുൽപിസ് പോഡ്കാസ്റ്റിൽ’ (The Joe Vulpis Podcast) മിറ്റ് പങ്കെടുത്തിരുന്നു. ആ പരമ്പരയെക്കുറിച്ച് സംസാരിക്കവേ, അതിന്റെ അന്ത്യം ഹൈസൻബെർഗിന്റെ കഥയ്ക്ക് മാത്രമാണ് വിരാമമിട്ടതെന്നും, അദ്ദേഹത്തിന് ചുറ്റുമുള്ള കുടുംബത്തിന്റെ കഥയ്ക്ക് അതൊരു അവസാനമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൈലർ, വാൾട്ടർ ജൂനിയർ, ഹോളി എന്നിവർക്ക് ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങളും അവശേഷിക്കുന്നുണ്ടെന്നും, ആ കുടുംബത്തിന്റെ കഥയിൽ ഇനിയും ഒരു പ്രധാന അധ്യായം ബാക്കിയുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു.
അദ്ദേഹം പറഞ്ഞു: “അതൊരു പൂർണ്ണമായ അവസാനമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല; ഹൈസൻബെർഗിന്റെ യാത്രയുടെ അന്ത്യമായിരുന്നു അത്. എന്നാൽ സ്കൈലർ, വാൾട്ടർ, ഹോളി എന്നിവരുടെ യാത്രയുടെ അവസാനമായിരുന്നില്ല അത്. ഉത്തരം ലഭിക്കാത്ത പല ചോദ്യങ്ങളും അവിടെയുണ്ടെന്നും, അവയ്ക്കുള്ള ഉത്തരം അവർക്ക് ഒരുപക്ഷേ ഒരിക്കലും ലഭിക്കില്ലെന്നും എനിക്ക് തോന്നുന്നു. വൈറ്റ് കുടുംബത്തിന് ഇനിയും ഒരു വലിയ ചുവടുവെപ്പ് ബാക്കിയുണ്ടെന്നാണ് എന്റെ അഭിപ്രായം. പറയാൻ ഇനിയും കഥകളുണ്ട്. പക്ഷേ, അത് ശരിയായ രീതിയിൽ പറയണം.”
മരണകാരണത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരണമില്ലെങ്കിലും, ചില അന്താരാഷ്ട്ര മാധ്യമങ്ങൾ ആത്മഹത്യയാണ് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മിറ്റിയുടെ ടാലന്റ് മാനേജ്മെന്റ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണവാർത്ത ആദ്യം സ്ഥിരീകരിച്ചത്. ‘പ്രിയപ്പെട്ട നടൻ, ജീവകാരുണ്യ പ്രവർത്തകൻ, അഭിനിവേശമുള്ള ഭിന്നശേഷി അവകാശ പോരാളി ആർ.ജെ മിറ്റിയുടെ ദാരുണമായ വിയോഗം അതീവ ദുഃഖത്തോടെ ഞങ്ങൾ പങ്കുവെക്കുന്നു’ എന്നായിരുന്നു പ്രതിനിധി സീൻ റെയ്ലിയുടെ വാക്കുകൾ.
1992 ആഗസ്റ്റ് 21ന് മിസിസിപ്പിയിൽ ജനിച്ച റോയ് ഫ്രാങ്ക് മിറ്റി മൂന്നാമന് മൂന്നാം വയസ്സിൽ സെറിബ്രൽ പാൾസി സ്ഥിരീകരിച്ചിരുന്നു. 2008ൽ ബ്രേക്കിങ് ബാഡിൽ മിറ്റി അവതരിപ്പിച്ച വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. സെറിബ്രൽ പാൾസിയുള്ള ആളായി തന്നെയാണ് മിറ്റെ സീരിസിലും അഭിനയിച്ചത്. ഇത് രോഗത്തെ കുറിച്ച് ആളുകളിൽ കുറേക്കൂടി അവബോധം സൃഷ്ടിക്കാൻ ഇടയാക്കിയെന്നും റെയ്ലി അനുസ്മരണക്കുറിപ്പിൽ പറയുന്നു.
ജനിച്ച അന്നേ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ മിസിസിപ്പി സ്വദേശികളായ റോയ് ഫ്രാങ്ക് മിറ്റെ ജൂനിയറും ഡൈന മിറ്റിയും ദത്തെടുത്ത് വളർത്തുകയായിരുന്നു. ആർ.ജെ മിറ്റെ എന്ന പേര് നൽകിയതും അവർ തന്നെ. വർഷങ്ങൾക്കിപ്പുറം ‘നോമിനി’ എന്ന സീരിസിലെ പ്രകടനത്തിന് പുരസ്കാരം തേടിയെത്തിയതോടെയാണ് ഈ കഥ ലോകം അറിഞ്ഞത്.
മൂന്ന് വയസ്സുവരെ മറ്റേതൊരു കുട്ടിയെയും പോലെ ജീവിച്ച മിറ്റിക്ക് പിന്നീടാണ് സെറിബ്രൽ പാൾസി ബാധിച്ച് കാലുകൾക്ക് തളർച്ച സംഭവിച്ചത്. കൗമാരകാലത്ത് വോക്കറിന്റെ സഹായത്തോടെയാണ് നടന്നിരുന്നതെങ്കിലും മാതാപിതാക്കളുടെ അസാധാരണമായ പിന്തുണയും കരുതലും മൂലം അദ്ദേഹം പതിയെ എഴുന്നേറ്റ് നടക്കാൻ പഠിച്ചു.
വൈറ്റ് ഫ്ലവേഴ്സ്, ഹൗസ് ഓഫ് ലാസ്റ്റ് തിങ്സ്, സ്റ്റമ്പ് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. ‘ദി കിഡ്സ് ഓഫ് വിഡ്നി ഹൈ’, ‘വാനിഷ്ഡ്: ദി താര കാലിക്കോ സ്റ്റോറി’ തുടങ്ങിയ ഡോക്യുമെന്ററികൾ നിർമിച്ചും ശ്രദ്ധ നേടി. റാപ്-റോക്ക് ബാൻഡായ ഹോളിവുഡ് അൺഡെഡിന്റെ ‘ഡെഡ് ബൈറ്റ്’ എന്ന മ്യൂസിക് വിഡിയോയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെറിബ്രൽ പാൾസി സെലിബ്രിറ്റി അംബാസഡറായി പ്രവർത്തിച്ച മിറ്റി, രോഗബാധിതരുടെ ഉന്നമനത്തിനായി സ്വന്തമായി ഒരു ഫൗണ്ടേഷനും സ്ഥാപിച്ചിരുന്നു.

+ There are no comments
Add yours