മലയാളിയായ തൊഴിലുടമ കള്ളക്കേസിൽപ്പെടുത്തി; 4 തൊഴിലാളികളെ വെറുതെവിട്ട് ദുബായ് അപ്പീൽ കോടതി, ഹാജരായത് മലയാളി അഭിഭാഷകൻ

1 min read
Spread the love

ദുബായ്: ദുബായിൽ മലയാളി തൊഴിലുടമ കള്ളക്കേസിൽപ്പെടുത്തിയ 4 തൊഴിലാളികൾക്ക് പുതുജീവൻ. ദുബായ് ഇന്റർനാഷണൽ സിറ്റിയിലെ മലയാളിയുടെ കമ്പനിയിലാണ് സംഭവം.

രണ്ട് വർഷങ്ങൾക്ക് മുമ്പ് ജോലി രാജിവച്ച് പോയ നാല് തൊഴിലാളികൾക്കെതിരെ കമ്പനിയുടമ പ്രതികാര ബുദ്ധിയോടെ അൽ റാഷിദിയ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിന്മേൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് ദുബായ് പ്രാഥമിക കോടതിയും തുടർന്ന് അപ്പീൽ കോടതിയും പ്രതികൾ നിരപരാധികളാണെന്ന് കണ്ടെത്തി കുറ്റവിമുക്തരാക്കി വിട്ടയച്ചത്. കമ്പനി ചുമതലപ്പെടുത്തിയ ഒരു അക്കൗണ്ടിംഗ് വിദഗ്ധൻ തയ്യാറാക്കി നൽകിയ റിപ്പോർട്ട് തെളിവായി ഹാജരാക്കിയാണ് ക്രിമിനൽ കേസ് ഫയൽ ചെയ്തത്. നാല് പ്രതികളിൽ ഒരാൾക്ക് നാല് ദിവസത്തോളം ജയിൽവാസം അനുഭവിക്കേണ്ടിയും വന്നിരുന്നു.

ഡെന്റൽ ക്ലിനിക്കുകളിലേക്ക് കൃത്രിമ പല്ലുകൾ ഓർഡർ അനുസരിച്ച് നിർമിച്ച് നൽകുന്ന കമ്പനിയിൽ സെയിൽസ്‌മാൻ, സെയിൽസ് സൂപ്പർവൈസർ, സെയിൽസ് മാനേജർ എന്നീ തസ്തികകളിൽ ജോലി ചെയ്തിരുന്നവരെയാണ് ഈ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. 2023, 2024, 2025 കാലയളവിൽ ഈ തൊഴിലാളികൾ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പണം കമ്പനിയിൽ അടയ്ക്കാതെ തിരിമറി നടത്തി വിശ്വാസവഞ്ചന ചെയ്തുവെന്നും, കമ്പനിക്ക് ലഭിക്കേണ്ടിയിരുന്ന 199,632/- ദിർഹമിന്റെ ജോലി പ്രതികൾ കാരണമായി കമ്പനിക്ക് ലഭിക്കാതെ അതുമൂലം കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നുമുള്ള ആരോപണങ്ങളാണ് തൊഴിലുടമ പരാതിയായി നൽകിയത്

തുടർന്ന് പ്രതികൾ ദുബായിലെ അയിഷ അൽദഹേരി അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയെ കൺസൾട്ട് ചെയ്യുകയും കേസ് നടത്താനുള്ള വക്കാലത്ത് നൽകുകയുമായിരുന്നു. വിചാരണ ദിവസം നാല് പ്രതികളും അഭിഭാഷകരോടൊപ്പം കോടതിയിൽ ഹാജരായി കുറ്റം നിഷേധിച്ചു.

പ്രതികൾ വളരെ കാലത്തിനു മുമ്പ് തന്നെ കമ്പനിയിലെ ജോലി രാജിവച്ച്, ആനുകൂല്യങ്ങൾ സ്വീകരിച്ച് തൊഴിൽ കരാറും വിസയും റദ്ദാക്കി. കമ്പനി വിട്ടുപോയവരാണെന്നും, നിലവിൽ പ്രതികൾ മുൻ കമ്പനിയുടെ അതേ സ്വഭാവത്തിലുള്ള മറ്റൊരു കമ്പനി ആരംഭിച്ചതിലുള്ള വൈരാഗ്യം കാരണമാണ് ഇത്തരത്തിലുള്ള ഒരു കള്ളക്കേസ് നൽകിയിട്ടുള്ളത് എന്നും അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി.

കൂടാതെ, പ്രതികൾക്കെതിരെ ഇത്തരത്തിൽ ഒരു കുറ്റാരോപണം നടത്തിയത് കമ്പനിയുടെ നിർദേശപ്രകാരം ഒരു ഓഡിറ്റിംഗ് കമ്പനി തയ്യാറാക്കിയ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്നും, മറ്റു യാതൊരു തെളിവുകളും ഇല്ലാതെയാണെന്നും കോടതിയെ ബോധ്യപ്പെടുത്തി.

പ്രതികൾ ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിച്ചതായി തെളിയിക്കുന്ന യാതൊരു രേഖകളും കേസ് ഫയലിൽ ഹാജരാക്കിയിട്ടില്ലെന്നും, കേസ് ഫയലിൽ തെളിവുകളുടെ ശൂന്യത മാത്രമാണുള്ളതെന്നും, റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് പ്രതികളുടെ അസാന്നിധ്യത്തിലും അവരെ കേൾക്കാതെയും ആണെന്നും, കോടതി ചുമതലപ്പെടുത്തിയ വിദഗ്ധനല്ല, ഈ റിപ്പോർട്ട് തയ്യാറാക്കിയതെന്നും, അത് ഒരു കാരണവശാലും ശരിയായ തെളിവായി സ്വീകരിക്കാൻ പാടില്ലയെന്നും ചൂണ്ടിക്കാട്ടി വ്യക്തമായ ഡിഫൻസ് മെമ്മോറാണ്ടം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതായും അഡ്വ. ഷംസുദ്ദീൻ അറിയിച്ചു.

പ്രാഥമിക കോടതി നേരത്തെ തന്നെ നാല് പ്രതികളും നിരപരാധികളാണെന്ന് കണ്ടെത്തി അവരെ കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ, പബ്ലിക് പ്രോസിക്യൂഷൻ ഈ വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം അപ്പീൽ കോടതിയും പ്രതികൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതോടെ പ്രതികൾ പൂർണ്ണമായും കുറ്റവിമുക്തരായി. കള്ളക്കേസ് മൂലം പ്രതികൾക്കുണ്ടായ മാനനഷ്ടവും, മാനസിക വിഷമങ്ങളും, സാമ്പത്തിക നഷ്ടങ്ങളും കണക്കിലെടുത്ത് ഉചിതമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി കമ്പനിക്കെതിരെ സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours