യുഎഇയിൽ ആത്മഹത്യാശ്രമങ്ങൾ ഇനി ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കില്ല. രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിൽ യുഎഇ സർക്കാർ ഭേദഗതി വരുത്തി വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
പുതിയ ഫെഡറൽ നിയമത്തിലൂടെ മാനസികാരോഗ്യ പിന്തുണയും മുൻകരുതലും പരിചരണവും ഉറപ്പാക്കുന്ന മാനുഷിക സമീപനമാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്. നിയമനടപടികളെക്കുറിച്ചുള്ള ഭയം കാരണം മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ ചികിത്സയും സഹായവും തേടാൻ മടിക്കുന്നത് ഒഴിവാക്കാനും, ഇത്തരക്കാരെ കുറ്റവാളികളായി കാണാതെ വൈദ്യസഹായം നൽകി മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് സർക്കാരിന്റെ നീക്കം.
ആത്മഹത്യാശ്രമം കുറ്റമുക്തമാക്കിയെങ്കിലും, മറ്റൊരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ അതിനായി സഹായിക്കുകയോ ചെയ്യുന്നവർക്കെതിരെ ഭേദഗതിയിൽ കടുത്ത ശിക്ഷാനടപടികളാണ് വ്യവസ്ഥ ചെയ്യുന്നത്.
പ്രേരണ നൽകിയതിനെ തുടർന്ന് ആത്മഹത്യാശ്രമം നടത്തുകയും എന്നാൽ കഠിനമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുകയും ചെയ്താൽ പ്രേരിപ്പിച്ചയാൾക്ക് തടവും പിഴയും ലഭിക്കും. ആത്മഹത്യാശ്രമം കാരണം സ്ഥിരമായ അംഗവൈകല്യമോ 20 ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായാൽ, പ്രേരണ നൽകിയ വ്യക്തിക്ക് 3 മുതൽ 5 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.
ആത്മഹത്യാ പ്രേരണ കാരണം വ്യക്തി മരിക്കുകയാണെങ്കിൽ 5 മുതൽ 7 വർഷം വരെയാണ് തടവുശിക്ഷ. ഒരു വ്യക്തി ആത്മഹത്യയ്ക്ക് പ്രേരണ നൽകിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം ഇടപെട്ട് ജീവൻ രക്ഷിക്കുകയാണെങ്കിൽ കോടതിക്ക് അയാൾക്ക് ശിക്ഷാ ഇളവ് നൽകാൻ ഭേദഗതി അനുവാദം നൽകുന്നുണ്ട്.
എന്നാൽ ഈ സമയത്ത് ഇരയ്ക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ഈ ഇളവ് ലഭിക്കില്ല. 18 വയസ്സിൽ താഴെയുള്ള കുട്ടികളെയോ മാനസിക വളർച്ചയില്ലാത്തവരെയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെങ്കിൽ ഇത് കൊലപാതക കുറ്റത്തിനോ കൊലപാതക ശ്രമത്തിനോ തുല്യമായി കണക്കാക്കും. കൂടാതെ, ആത്മഹത്യാ പ്രേരണാ കേസിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളെ രാജ്യത്തുനിന്ന് നിർബന്ധമായും നാടുകടത്താനും പുതിയ നിയമം അനുശാസിക്കുന്നു.

+ There are no comments
Add yours