ദീർഘകാല സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യുഎഇ ജർമ്മനിയിൽ 40 ബില്യൺ യൂറോ നിക്ഷേപിക്കും…. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ജർമനി സന്ദർശന വേളയിലാണ് ഈ സുപ്രധാന പ്രഖ്യാപനമുണ്ടായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം. അതേസമയം തലസ്ഥാനമായ ബെർലിനിൽ വിമാനമിറങ്ങിയ അദ്ദേഹത്തിന് നയതന്ത്രപരമായ ഊഷ്മള സ്വീകരണമാണ് ജർമ്മൻ ഭരണകൂടം ഒരുക്കിയത്.
യുഎഇ പ്രസിഡന്റിന്റെ വിമാനം ജർമ്മൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ ആദരസൂചകമായി ജർമ്മൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. തുടർന്ന് നടന്ന ഔദ്യോഗിക സ്വീകരണച്ചടങ്ങിൽ 21 ഗൺ സല്യൂട്ടും സൈനികരുടെ ഗാർഡ് ഓഫ് ഓണറും നൽകിയാണ് യുഎഇ ഭരണാധികാരിയെ സ്വീകരിച്ചത്.
യുഎഇ പ്രസിഡന്റിനൊപ്പം പ്രമുഖ ഭരണാധികാരികളും മന്ത്രിമാരും അടങ്ങുന്ന ഉന്നതതല സംഘവും ജർമ്മനിയിലെത്തിയിട്ടുണ്ട്. ഈ കൂടികാഴ്ചയോടെ മുൻനിര സാമ്പത്തിക ശക്തികളിലൊന്നായ ജർമനിയിൽ സാന്നിധ്യം ശക്തമാക്കാൻ യു.എ.ഇക്ക് കഴിയും.
ജർമനിയുടെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള യു.എ.ഇയുടെ ശ്രമങ്ങൾക്ക് ഇത് വലിയ പിന്തുണയേകും. ഒപ്പം, ഇരുരാജ്യങ്ങളും തമ്മിൽ അറിവും നൈപുണ്യവും പങ്കുവെക്കുന്നതിനുള്ള മികച്ച വേദിയായും പദ്ധതി മാറും.

+ There are no comments
Add yours