‘പിസ്സ ഓർഡർ’ കോഡിലൂടെ സഹായം തേടിയ പ്രവാസി യുവതി; സമയോചിതമായ ഇടപെട്ട് ഷാർജ പോലീസ്

1 min read
Spread the love

ഷാർജ: ‘പിസ്സ ഓർഡർ’ കോഡിലൂടെ സഹായം തേടിയ പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ഷാർജ പൊലിസ്. ഫോൺ കോൾ കൈകാര്യം ചെയ്ത ഉദ്യോ​ഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് ഗാർഹിക പീഡനം നേരിട്ട യുവതിയുടെ ജീവൻ രക്ഷിച്ചത്.

ഷാർജ പൊലിസിന്റെ ഔദ്യോഗിക പരിപാടിയായ ‘അമൻ യാ ബിലാദി’യിലൂടെ കമ്മ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് ബ്രാഞ്ച് മേധാവി ക്യാപ്റ്റൻ മജീദ് അൽ ബാസ് ആണ് ഈ അപൂർവ്വ സംഭവം വെളിപ്പെടുത്തിയത്.

ഷാർജ പൊലിസിന്റെ എമർജൻസി ലൈനായ 999-ലേക്ക് ഒരു യുവതി വിളിക്കുകയായിരുന്നു. ഇത് പൊലിസ് എമർജൻസി സെന്റർ ആണെന്ന് അറിയിച്ചിട്ടും, തനിക്ക് “ഒരു പിസ്സ ഓർഡർ ചെയ്യണം” എന്ന് ആവർത്തിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസർ ‘ഖമീസ്’ യുവതിയുടെ ശബ്ദത്തിലെ ഭയവും സംസാരരീതിയും ശ്രദ്ധിച്ചതോടെയാണ് കളി മാറി. ഇതൊരു അടിയന്തര സഹായ അഭ്യർത്ഥനയാണെന്ന് അദ്ദേഹം പെട്ടെന്ന് തിരിച്ചറിഞ്ഞു.

യുവതിക്ക് സമീപം അപായപ്പെടുത്താൻ മറ്റൊരാൾ നിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഓഫീസർ, താനൊരു ഹോട്ടൽ ജീവനക്കാരനാണെന്ന രീതിയിൽ സംഭാഷണം തുടർന്നു. തുടർന്ന് കോഡ് ചോദ്യങ്ങളിലൂടെ സാഹചര്യം വിലയിരുത്തുകയായിരുന്നു.

എത്ര പിസ്സ വേണം? എന്ന് ചോദിച്ചപ്പോൾ യുവതി “ഒന്ന്” എന്ന് മറുപടി നൽകി (ഇര ഒരാളാണെന്ന സൂചന).

കുടിക്കാൻ എന്തെങ്കിലും വേണോ? എന്ന് ചോദിച്ചപ്പോൾ “രണ്ട്” എന്ന് പറഞ്ഞു (അവിടെ ആകെ രണ്ട് പേരുണ്ടെന്ന സൂചന).

ഫോൺ കട്ട് ചെയ്യാതെ സംസാരിക്കുന്നതിനിടയിൽ തന്നെ ഓഫീസർ ഖമീസ് വിവരം സൂപ്പർവൈസറെ അറിയിക്കുകയും അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് യുവതിയുടെ ലോക്കേഷൻ ട്രാക്ക് ചെയ്യുകയും ചെയ്തു. കൃത്യമായ സ്ഥലം കണ്ടെത്തിയതോടെ കൺട്രോൾ റൂമിൽ നിന്നും ഫീൽഡ് യൂണിറ്റുകൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. പൊലിസ് സംഘം വീട്ടിൽ എത്തുമ്പോൾ അസ്വാഭാവിക അവസ്ഥയിലായിരുന്ന ഭർത്താവ് യുവതിയെ ക്രൂരമായി ഭീഷണിപ്പെടുത്തുന്ന നിലയിലായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ ഭർത്താവിനെ കീഴ്പ്പെടുത്തുകയും യുവതിയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

You May Also Like

More From Author

+ There are no comments

Add yours