സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി പ്രോ ലീഗ് കിരീടത്തിൽ മുത്തമിട്ടു. സീസണിലെ ആവേശകരമായ അവസാന മത്സരത്തിൽ ദാമക് എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് അൽ നസർ ക്ലബ്ബ് ചാമ്പ്യൻമാരായി.
പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഊദി കരിയറിലെ ആദ്യ ആഭ്യന്തര ലീഗ് കിരീടമാണിത്. രണ്ടാം സ്ഥാനക്കാരായ അൽ ഹിലാലിനേക്കാൾ രണ്ട് പോയിന്റിന്റെ ലീഡ് നിലനിർത്തിയാണ് അൽ നസർ തങ്ങളുടെ പതിനൊന്നാം ലീഗ് കിരീടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ട് ബെഞ്ചിലിരുന്ന റൊണാൾഡോ, കിരീടനേട്ടത്തിന്റെ വികാരനിർഭരമായ നിമിഷങ്ങളിൽ കണ്ണീരണിഞ്ഞത് ആരാധകർക്ക് വൈകാരിക കാഴ്ചയായി. കഴിഞ്ഞ രണ്ട് സീസണുകളിലും കൈയകലത്തിൽ നഷ്ടപ്പെട്ട കിരീടം ഒടുവിൽ സ്വന്തമാക്കാനായതിന്റെ ആശ്വാസത്തിലായിരുന്നു നായകൻ.
തീപാറുന്ന പോരാട്ടത്തിൽ ഇരട്ട ഗോളുകളുമായി റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ മുൻ ലിവർപൂർ താരം സാദിയോ മാനെയിലൂടെ അൽ നസറാണ് ആദ്യം മുന്നിലെത്തിയത്. ഇടവേളയ്ക്ക് തൊട്ടുപിന്നാലെ കിങ്‌സ്‌ലി കോമാനിലൂടെ ടീം ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ ഒരു ഗോൾ മറുപടി നൽകി ദാമക് തിരിച്ചടിക്കാൻ ശ്രമിച്ചതോടെ മത്സരം കടുത്തു.
തുടർന്നായിരുന്നു റൊണാൾഡോയുടെ തകർപ്പൻ പ്രകടനം. 63ാം മിനിറ്റിൽ തകർപ്പൻ ഫ്രീസെറ്റ് പീസിലൂടെ താരം അൽ നസറിന്റെ മൂന്നാം ഗോൾ നേടി. തുടർന്ന് 81ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ നിന്ന് ലഭിച്ച പാസ് കൃത്യമായി വലയിലെത്തിച്ച് റൊണാൾഡോ ടീമിന്റെ വിജയവും കിരീടവും ഉറപ്പിച്ചു. സീസണിൽ താരത്തിന്റെ 28ാം ലീഗ് ഗോളാണിത്. സാദിയോ മാനെയ്‌ക്കൊപ്പം മുൻ അത്‌ലറ്റിക്കോ മാഡ്രിഡ് താരം ജാവോ ഫെലിക്‌സും അൽ നസറിനായി അണിനിരന്നിരുന്നു.

+ There are no comments
Add yours