അബുദാബി: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രാജ്യത്തെ ജനവാസ മേഖലകളെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടെത്തിയ ആറ് ഡ്രോണുകൾ യു.എ.ഇ വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു.
അതീവ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും നടത്തിയ നീക്കത്തിലൂടെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടാകാതെ ഡ്രോണുകളെ പ്രതിരോധിക്കാൻ സാധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മെയ് 17ന് ബറാക്ക ആണവോർജ്ജ നിലയത്തിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഈ ഡ്രോണുകളുടെ ഉറവിടം ഇറാഖാണെന്ന് കണ്ടെത്തിയത്. സാങ്കേതിക നിരീക്ഷണങ്ങളിലൂടെയും റൂട്ട് ട്രാക്കിംഗിലൂടെയുമാണ് ഡ്രോണുകൾ ഇറാഖ് അതിർത്തിയിൽ നിന്നാണ് എത്തിയതെന്ന് വ്യക്തമായത്.
ബറാക്ക നിലയത്തിന് നേരെ വന്ന മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം യുഎഇ പ്രതിരോധ സംവിധാനം തകർത്തിരുന്നു. എന്നാൽ ഒരെണ്ണം നിലയത്തിന്റെ ഉൾപ്രദേശത്തിന് പുറത്തുള്ള വൈദ്യുതി ജനറേറ്ററിൽ പതിക്കുകയും തീപിടുത്തം ഉണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്ന് വന്ന മൂന്ന് ഡ്രോണുകൾ ഉൾപ്പെടെ ആകെ ആറ് ഡ്രോണുകളാണ് ഇറാഖിൽ നിന്ന് എത്തിയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യുഎഇക്ക് പൂർണ്ണ അവകാശമുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഏതൊരു ഭീഷണിയെയും നേരിടാൻ സായുധ സേന പൂർണ്ണ സജ്ജമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്ന് യുഎൻ രക്ഷാസമിതിയെ യുഎഇ അറിയിച്ചു.
ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്റെ (PMF) കീഴിൽ പ്രവർത്തിക്കുന്ന ചില സായുധ ഗ്രൂപ്പുകളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് സൂചന.

+ There are no comments
Add yours