ദുബായ് : എമിറേറ്റിലെ താമസ വില്ലയിൽനിന്നു 40 കിലോ മയക്കുമരുന്ന് പിടികൂടിയതായി ദുബായ് പോലീസ് അറിയിച്ചു. കെറ്റാമിൻ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയ്ക്ക് പുറമേ ഒട്ടേറെ രാസവസ്തുക്കളും ലഹരി ദ്രാവകങ്ങളുമാണ് പിടിച്ചെടുത്തത്. ‘ഓപ്പറേഷൻ വില്ല’യെന്ന പേരിൽ നടത്തിയ ദൗത്യത്തിലൂടെ രണ്ട് ഏഷ്യൻവംശജരെയും അറസ്റ്റ് ചെയ്തു. വിദേശത്തുള്ള ഒരാളുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന കണ്ണികളാണ് പിടിയിലായവർ.
പ്രത്യേക ഉദ്യോഗസ്ഥ സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിച്ചവരെ പിന്തുടരുകയും വിപുലമായ അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. സാമൂഹികസുരക്ഷയെ തകർക്കുന്ന പ്രവൃത്തികളെ കർശന നിയമനടപടികളിലൂടെ നേരിടുമെന്ന് മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് ബിൻ മുവൈസ പറഞ്ഞു.
സംശയാസ്പദവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിൽ അറിയിക്കണം. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ പോലീസിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

+ There are no comments
Add yours