ദുബായ്: 54-ാമത് ദേശീയ ദിനാഘോഷളുടെ വേളയിൽ, ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ദുബൈ പൊലിസ് പിടിച്ചെടുത്തത് 49 കാറുകളും 25 മോട്ടോർ സൈക്കിളുകളും. 3,153 ട്രാഫിക് പിഴകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ചില ഡ്രൈവർമാർ ദേശീയ ദിനം റോഡുകളിൽ കുഴപ്പങ്ങളുണ്ടാക്കാനുള്ള അവസരമായി ഉപയോഗിച്ചു. ഇവർ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും, റോഡിൽ അഭ്യാസങ്ങൾ നടത്തുകയും, മത്സരയോട്ടം നടത്തുകയും, താമസക്കാർക്ക് ശല്യമുണ്ടാക്കുകയും ചെയ്തു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ വ്യക്തമാക്കി.
നിയമപരവും ഉത്തരവാദിത്തത്തോടെയുമുള്ള ആഘോഷങ്ങൾ നടത്തണമെന്ന് നേരത്തെ തന്നെ ദുബൈ പൊലിസ് അറിയിച്ചിരുന്നു. എന്നിട്ടും ചില ഡ്രൈവർമാർ ഈ നിർദ്ദേശങ്ങൾ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പെരുമാറ്റങ്ങൾ അപകടങ്ങൾക്കും സ്വകാര്യ സ്വത്തുക്കളുടെ നാശത്തിനും വഴിയൊരുക്കുമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി.
രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്
ആഘോഷസമയത്ത് കുട്ടികളെ ശ്രദ്ധിക്കണമെന്നും, കുട്ടികളെ ശ്രദ്ധിക്കാതെ തെരുവുകളിലൂടെ കറങ്ങാൻ വിടരുതെന്നും, വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും നേർക്ക് സ്പ്രേ ക്യാനുകൾ ഉപയോഗിക്കുന്നതിൽ നിന്നും അവരെ വിലക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ദുബൈയുടെ പ്രശസ്തിക്ക് ചേരാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments
Add yours