യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നും ശനിയാഴ്ച വരെ രാജ്യത്ത് ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇന്ന് മുതൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന ശക്തമായ കാറ്റ് പകൽ സമയങ്ങളിൽ വ്യാപകമായി പൊടിപടലങ്ങൾ ഉയരുന്നതിന് കാരണമാകും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ വേഗത പ്രാപിച്ചേക്കാം. ദുബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിലും ഇതിന്റെ സ്വാധീനം കൂടുതലായിരിക്കും. പൊടിപടലങ്ങൾ കാരണം പ്രധാന പാതകളിലും ജനവാസ മേഖലകളിലും കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് എൻസിഎം നിർദേശിച്ചു.
ശക്തമായ കാറ്റിനെ തുടർന്ന് അറേബ്യൻ ഗൾഫ് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ കടൽ ഇടത്തരം രീതിയിലായിരിക്കുമെങ്കിലും, രാത്രിയോടെ സ്ഥിതി കൂടുതൽ വഷളാകും. തിരമാലകൾ 7 മുതൽ 9 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ രാത്രി സമയങ്ങളിൽ കടലിൽ ഇറങ്ങരുതെന്നും ബീച്ചുകളിലെ വിനോദങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും കർശന നിർദേശമുണ്ട്. അതേസമയം ഒമാൻ കടൽ ശാന്തമായിരിക്കുമെന്നാണ് പ്രവചനം.

+ There are no comments
Add yours