ദുബായ്: റോഡിൽ നടന്ന നിയമവിരുദ്ധമായ സ്ട്രീറ്റ് റേസിംഗിനിടെയുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത് ഇമാറാത്തി രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ. ഒരു നിമിഷത്തെ അശ്രദ്ധയും അമിത വേഗതയും ഒരു കുടുംബത്തെ ഇല്ലാതാക്കിയതിന്റെ ദുഃഖകരമായ ഓർമ്മപ്പെടുത്തലായി ഈ സംഭവം.
ഇരുപതുകളിൽ പ്രായമുള്ള യുവാവാണ് അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം വരുത്തിവെച്ചത്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതിൽ ഹരം കണ്ടെത്തിയിരുന്ന യുവാവ് സുഹൃത്തുക്കളുമായി നടത്തിയ വെല്ലുവിളിയെ തുടർന്ന് തന്റെ കാറിൽ നിരവധി മോഡിഫിക്കേഷനുകൾ നടത്തി.
റേസിംഗിനായി തന്റെ കാർ പരിഷ്കരിക്കാൻ യുവാവ് 350,000 ദിർഹത്തിൻ്റെ വ്യക്തിഗത വായ്പയെടുത്തിരുന്നു. ലൈസൻസ് പ്ലേറ്റുകൾ നീക്കം ചെയ്ത് മലനിരകളിലൂടെ സുഹൃത്തുമായി മത്സരിച്ച ഇരുവരും മണിക്കൂറിൽ 80 കി.മീ. വേഗത പരിധിയുള്ള റോഡിൽ 140 കി.മീറ്ററിലധികം വേഗതയിൽ കാറോടിച്ചു. സുഹൃത്തുമായുള്ള മത്സരയോട്ടത്തിൽ വിജയിച്ചെങ്കിലും, അപകടകരമായ ഡ്രൈവിംഗ് യുവാവിന് ഒരു ശീലമായി മാറി.
ഒരിക്കൽ അമിത വേഗതയിൽ കാറോടിക്കുമ്പോൾ, സുരക്ഷിതമല്ലാത്ത മാറ്റങ്ങൾ വരുത്തിയ യുവാവിന്റെ കാറിന്റെ ബ്രേക്ക് തകരാറിലായി. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരെ വന്ന ലെയിനിലേക്ക് കയറി, അത്താഴം കഴിക്കാൻ പോകുകയായിരുന്ന ഒരു ഇമാറാത്തി കുടുംബം സഞ്ചരിച്ച കാറുമായി യുവാവിന്റെ കാർ കൂട്ടിയിടിച്ചു. അപകടത്തിൽ അച്ഛനും ഒന്നിനും നാലിനും വയസ്സുള്ള രണ്ട് കുട്ടികളും തൽക്ഷണം മരിച്ചു. അമ്മ അടുത്ത ദിവസം ആശുപത്രിയിൽ വെച്ച് മരിച്ചു. അതോടെ ആ കുടുംബം മുഴുവനായും ഇല്ലാതായി.
അപകടത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, വലിയ കടബാധ്യതയിലും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന കുറ്റബോധത്തിലുമാണ് അദ്ദേഹം. നാല് പേരുടെ മരണത്തിന് കാരണക്കാരനായ യുവാവ് ഇപ്പോൾ വിചാരണ കാത്ത് ജയിലിലാണ്.
“എൻ്റെ ഊർജ്ജം കളയാനുള്ള ഒരു വഴി മാത്രമാണിതെന്ന് ഞാൻ കരുതി. മറ്റുള്ളവരുടെ സുരക്ഷയെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. ആ വെല്ലുവിളിക്ക് ശേഷം ഞാൻ നിർത്തിയിരുന്നെങ്കിൽ, നാല് നിരപരാധികളുടെ ജീവൻ നഷ്ടമാകില്ലായിരുന്നു,” യുവാവ് ഖേദം പ്രകടിപ്പിച്ചു.
നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾക്കെതിരെയും അശ്രദ്ധമായ ഡ്രൈവിംഗിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകി.
ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ കേ, റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ചു. നിയമവിരുദ്ധമായി മാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഇത്തരം മാറ്റങ്ങൾ വരുത്തി നൽകുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

+ There are no comments
Add yours