‘ഈയൊരു ബഹുമതി അഞ്ച് പതിറ്റാണ്ട് നീണ്ട എന്റെ യാത്രയുടെ പ്രതിഫലനമാണ്’ – ആരാധകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

1 min read
Spread the love

പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്.

റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളാണ് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ഉൾപ്പെടെ കേരളത്തിൽനിന്നുള്ള അഞ്ചുപേർ ഏറ്റുവാങ്ങിയത്. ‘പത്മഭൂഷൻ ബഹുമതിയിൽ വിനയവും ആദരവും തോന്നുന്നു. ഈ അഭിമാനകരമായ അംഗീകാരത്തിന് കേന്ദ്ര സർക്കാറിനോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈയൊരു ബഹുമതി അഞ്ച് പതിറ്റാണ്ട് നീണ്ട എന്റെ യാത്രയുടെ പ്രതിഫലനമാണ്. നിങ്ങൾ, എന്റെ പ്രിയപ്പെട്ട പ്രേക്ഷകരില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന അനന്തമായ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണക്കും നന്ദി. ഈ പുരസ്കാരം സിനിമയെന്ന മനോഹര ലോകത്തിനും നിങ്ങൾക്കും സമർപ്പിക്കുന്നു’ -മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ചടങ്ങിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമ്മൂട്ടിയും കുടുംബാംഗങ്ങളും കൂടിക്കാഴ്ച നടത്തി. ഇതിൻറെ ചിത്രങ്ങൾ മോദി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയപാടവത്തിനുള്ള ആദരമാണ് മമ്മൂട്ടിക്കുള്ള പത്മഭൂഷൺ പുരസ്കാരം. ഭാര്യ സുൽഫത്ത്, മക്കളായ ദുൽഖർ സൽമാൻ, സുറുമി എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്.

You May Also Like

More From Author

+ There are no comments

Add yours