ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയൽരാജ്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളിൽ മാപ്പപേക്ഷിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. അയൽരാജ്യങ്ങളിൽ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അയൽരാജ്യങ്ങളിൽ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങൾ ഉണ്ടാവരുതെന്നും പെസഷ്‌കിയാൻ പറഞ്ഞു.
ഇറാന്റെ ആക്രമണത്തിന് ഇരയായ അയൽരാജ്യങ്ങളോട് സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും ക്ഷമ ചോദിക്കുന്നതായി പ്രസിഡന്റ് ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെ അറിയിച്ചു. അയൽരാജ്യങ്ങൾക്കെതിരെ ഇനി മിസൈൽ ആക്രമണങ്ങൾ നടത്തില്ലെന്ന് ഇടക്കാല നേതൃസമിതി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇറാനെതിരായ ആക്രമണം അയൽ രാജ്യങ്ങളിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും, ഇറാൻ ജനത കീഴടങ്ങണമെന്ന ശത്രുക്കളുടെ ആഗ്രഹം നടക്കില്ലെന്നും ഭിന്നതകൾ മാറ്റിവെച്ച് അവസാനശ്വാസം വരെ ഇറാനികൾ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പെസഷ്‌കിയാന്റെ പരാമർശം.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഖത്തറിനും സൗദി അറേബ്യയ്ക്കും നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 14 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും ഖത്തറിന് നേരെ തൊടുത്തുവിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരു മിസൈൽ ഖത്തറിലെ അൽ-ഉദൈദ് സൈനിക താവളത്തിൽ പതിച്ചാതായും റിപ്പോർട്ടുകളുണ്ട്. സൗദിയിലെ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെയും ഇറാന്റെ ആക്രമണം ഉണ്ടായി. എന്നാൽ ഈ ആക്രമണം തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

+ There are no comments
Add yours