ഇറാനിൽ യുഎസ് ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ ബുധനാഴ്ച വൈകിട്ടോടെ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും ഒഴിപ്പിച്ച ഉദ്യോഗസ്ഥർ തിരികയെത്തി. ഉദ്യോഗസ്ഥരെയും കൊണ്ട് പറന്ന യുഎസ് വിമാനം തിരികെ എയർബേസിലെത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതു കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവച്ചെന്നും വിവരം ലഭിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉടൻ ആക്രമണമില്ലെന്ന സൂചനയും നൽകി. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ദിവസങ്ങളായി ഉയർന്നുനിന്ന എണ്ണ, സ്വർണവിലകളിൽ ഇടിവുണ്ടായി.
അതിനിടെ, ഇറാൻ വിഷയത്തിൽ യുഎൻ രക്ഷാസമിതി യോഗം ചേർന്നു. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ശക്തി കുറഞ്ഞുവെന്നും തിങ്കളാഴ്ചയ്ക്കുശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിട്ടില്ലെന്നുമാണു വിവരം. അതേസമയം, ഭീകരബന്ധമാരോപിച്ചുള്ള അറസ്റ്റുകൾ രാജ്യമെങ്ങും ഇന്നലെയും തുടർന്നു. ഇന്റർനെറ്റ് നിരോധനം പിൻവലിച്ചിട്ടില്ല.
രാവിലെ 4 മണിക്കൂറുകളോളം വ്യോമപാത ഇറാൻ അടച്ചു. ഒട്ടേറെ രാജ്യാന്തര വിമാനസർവീസുകൾ വഴിതിരിച്ചുവിട്ടു. ഉച്ചയോടെ വ്യോമപാത തുറന്നു. പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നതു മയപ്പെട്ടെന്നും സമരക്കാരെ കൊല്ലുന്നതു നിർത്തിയെന്നും തനിക്കു വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നു വിവരം ലഭിച്ചെന്നാണു ട്രംപ് വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞത്. സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
വ്യോമാതിർത്തി അടച്ചിട്ട സമയത്ത് വളരെ കുറച്ച് വിമാനങ്ങൾ മാത്രമാണ് ഇറാന് മുകളിലൂടെ പറന്നത്. പ്രത്യേക അനുമതി വാങ്ങിയ വിമാനങ്ങളായിരുന്നു ഇവ. വിമാനയാത്ര പുനരാരംഭിച്ച സമയത്ത് ഇറാനിയൻ വിമാനക്കമ്പനികളായ മഹാൻ എയർ, യാസ്ദ് എയർവേയ്‌സ്, എവിഎ എയർലൈൻസ് എന്നിവയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് ആദ്യം ഇറാനിലെത്തിയത് എന്നാണ് ഫ്ലൈറ്റ്റാഡാറിലെ ഡാറ്റ കാണിക്കുന്നത്.
രണ്ടാഴ്ചത്തെ പ്രക്ഷോഭത്തിൽ 153 സുരക്ഷാ ഉദ്യോഗസ്ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (ഹ്രന) റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ ഇർഫാൻ സുൽത്താനിയെ (26) ബുധനാഴ്ച തൂക്കിലേറ്റുമെന്നാണ് അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നതെങ്കിലും ശിക്ഷ നടപ്പാക്കിയില്ലെന്നാണു വിവരം. തൂക്കിലേറ്റാൻ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. ഇന്നലെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുമായി ഫോണിൽ സംസാരിച്ചു.

+ There are no comments
Add yours