യു.എ.ഇ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ യു.എ.ഇയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധിയായിരിക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. രാജ്യത്തെ പ്രക്ഷുബ്ധമായ കാലാവസ്ഥ കണക്കിലെടുത്താണ് എമിറേറ്റ്‌സ് എജ്യുക്കേഷൻ ഫൗണ്ടേഷൻ അവധി പ്രഖ്യാപിച്ചത്.

വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് അവധി നീട്ടാനുള്ള തീരുമാനം. വിദ്യാർത്ഥികൾക്ക് മാത്രമല്ല ആവശ്യമെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളും അവധി പ്രഖ്യാപിക്കണമെന്നാണ് സർക്കാർ അറിയിപ്പ്. ഫ്ലെക്സിബിൾ വർക്കിംഗ് ഓപ്ഷനുകൾ പരിഗണിക്കാൻ സ്വകാര്യ കമ്പനികളോട് അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, മോശം കാലാവസ്ഥയെ അവഗണിച്ച് ചില ജീവനക്കാർ തിങ്കളാഴ്ച രാവിലെ ഓഫീസുകളിൽ റിപ്പോർട്ട് ചെയ്തു.

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) അറിയിപ്പ് അനുസരിച്ച്, യുഎഇയുടെ ഭൂരിഭാഗം ഭാഗങ്ങളും ഇന്ന് മഴയുടെ പിടിയിലമർന്നു, തിങ്കളാഴ്ച രാത്രി വരെ മഴ തുടരുമെന്നാണ് അറിയിപ്പ്.
രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം ക്യുമുലസ് മേഘങ്ങൾ രൂപം കൊള്ളുന്നു, ഒപ്പം ചിലപ്പോൾ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്.

നാളെ ഉച്ചകഴിഞ്ഞ് മേഘങ്ങളുടെ അളവ് ക്രമേണ കുറയുമെന്നും, രാത്രിയിൽ മഴയുടെ സാധ്യത ഇല്ലാതാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
+ There are no comments
Add yours