ഗാസയ്ക്കുമേൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ തുറന്നടിച്ച് സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് എൽഖറെയ്ജി. ന്യൂയോർക്കിൽ നടന്ന യുഎൻ സുരക്ഷാ കൗൺസിലിന്റെ “മിഡിൽ ഈസ്റ്റിലെ സ്ഥിതി” എന്ന തുറന്ന സംവാദത്തിൽ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് എൽഖറെയ്ജി പങ്കെടുത്തതായി സൗദി പ്രസ് ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
ഇസ്രയേലി സൈന്യത്തിന്റെ വിവേചനരഹിതമായ ബോംബാക്രമണം മൂലം ഗാസയിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇത് മരണസംഖ്യ വർധിക്കുന്നതിലേക്ക് നയിക്കുന്നതായും എൽഖറെയ്ജി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഗാസയിലെ നിരായുധരായ സിവിലിയന്മാരെ കൊലപ്പെടുത്തുന്നത് തടയാൻ ഉടനടി കൃത്യമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തത്തെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.
സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും സാധാരണ ജനങ്ങളെയാണ് യുദ്ധം ബാധിക്കുന്നതെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയതായി വിദേശകാര്യമന്ത്രി അറിയിച്ചു. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതും പലസ്തീനിലെ ഇസ്രയേലി സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതും രാജ്യത്തിന്റെ മുൻഗണനകളാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കടൽ മേഖലയിലും യെമനിലുമുള്ള സൈനിക നടപടികളെക്കുറിച്ചും എൽഖറെയ്ജി ആശങ്ക പ്രകടിപ്പിച്ചു. ഗാസയിലെ ജനസംഖ്യയെ നിർബന്ധിതമായി കുടിയിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പലസ്തീനികളുടെ ജീവിതത്തോടുള്ള അവഗണനയെയും അവർക്കെതിരായ ആവർത്തിച്ചുള്ള അക്രമങ്ങളെയും അപലപിക്കുന്നതായും എൽഖറെയ്ജി പറഞ്ഞു. കൂടാതെ മേഖലയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

+ There are no comments
Add yours