അബുദാബി: അബുദാബിയിൽ അടുത്തയാഴ്ച നടക്കുന്ന അൺമാൻഡ് സിസ്റ്റംസ് (യുമെക്സ്), സിമുലേഷൻ ആൻഡ് ട്രെയിനിംഗ് (സിംടെക്‌സ്) എക്‌സിബിഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ആകർഷകമായ ഭൂമി, ജലം, എയർ ഷോകൾ, ഭാവി കണ്ടുപിടുത്തങ്ങളുടെയും സാങ്കേതികവിദ്യകളുടെയുമൊക്കെ കണ്ണഞ്ചിപ്പിക്കുന്ന പ്രദർശനമാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. അബുദാബി ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ജനുവരി 23 മുതലാണ് എക്സിബിഷൻ നടക്കുന്നത്. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് അഡ്‌നെക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ എക്സിബിഷനാണ് ഇതെന്ന് എക്‌സിബിഷനുകളുടെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മേജർ ജനറൽ മുബാറക് സയീദ് ബിൻ ഗഫാൻ അൽ ജാബ്രി(Major General Mubarak Saeed bin Ghafan Al Jabri) പറഞ്ഞു.
35-ലധികം രാജ്യങ്ങളിൽ നിന്നായി 214-ലധികം കമ്പനികളാണ് പ്രദർശനത്തിനായി എത്തുന്നത്. 2022 ൽ നടന്ന എക്സിബിഷനെക്കാൾ പതിന്മടങ്ങ് കമ്പനികളാണ് ഇത്തവണ എത്തുന്നത്. മാത്രമല്ല, സൗദി അറേബ്യ, ഖത്തർ, സ്വിറ്റ്‌സർലൻഡ്, ലക്‌സംബർഗ്, സിംഗപ്പൂർ, നെതർലാൻഡ്‌സ്, സ്ലോവേനിയ, തായ്‌വാൻ, എസ്തോണിയ, വിർജിൻ ഐലൻഡ്‌സ്, ചെക്ക് റിപ്പബ്ലിക് എന്നിവയുൾപ്പെടെ 11 രാജ്യങ്ങളാണ് ആദ്യമായി യുമെക്സ്, സിംടെക്‌സ് എക്സിബിഷനിൽ പങ്കെടുക്കുന്നത്.

+ There are no comments
Add yours