തൊഴിലാളികളുടെ ജീവിതസൗകര്യങ്ങളും സുരക്ഷിതത്വവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കർശന നിർദ്ദേശങ്ങളുമായി ദുബായ് മുൻസിപ്പാലിറ്റി രംഗത്തെത്തി. പുതിയ നിയമപ്രകാരം തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ ഓരോ വ്യക്തിക്കും ഉറങ്ങുന്നതിനായി കുറഞ്ഞത് 3.7 ചതുരശ്ര മീറ്റർ സ്ഥലം നിർബന്ധമായും ഉറപ്പാക്കണം. ഇതിനുപുറമെ, മറ്റ് പൊതുസേവന സൗകര്യങ്ങൾക്കായി ഒരാൾക്ക് 8.9 മുതൽ 10.3 ചതുരശ്ര മീറ്റർ വരെ ഗ്രോസ് ഫ്ലോർ ഏരിയയും, വിനോദങ്ങൾക്കും തുറസ്സായ സ്ഥലങ്ങൾക്കുമായി 0.75 മുതൽ 1.5 ചതുരശ്ര മീറ്റർ വരെ സ്ഥലവും അനുവദിക്കണമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളി പാർപ്പിട നയത്തിന്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനവും കെട്ടിട നവീകരണവുമാണ് ദുബായിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി റോഡുകൾ, നടപ്പാതകൾ, വിനോദസൗകര്യങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. താമസകേന്ദ്രങ്ങളുടെ ഗുണനിലവാരം കൃത്യമായി വിലയിരുത്തുന്നതിനായി ഒരു ഏകീകൃത സ്മാർട്ട് വർഗ്ഗീകരണ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ 1,417 കെട്ടിടങ്ങളിൽ പരിശോധന പൂർത്തിയാക്കുകയും മികച്ച രീതിയിൽ പ്രവർത്തിച്ച 19 കേന്ദ്രങ്ങൾക്ക് പ്ലാറ്റിനം, ഗോൾഡ്, സിൽവർ റേറ്റിങ് നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് മുൻസിപ്പാലിറ്റിയുടെ എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി അധികൃതർ വ്യക്തമാക്കി. ഭാവി വികസനങ്ങൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യുന്നതിനായി എല്ലാ സർക്കാർ വിവരങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഡാറ്റാബേസും തയ്യാറാക്കിയിട്ടുണ്ട്. ‘ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ’, ‘ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033’ എന്നിവയുടെ ഭാഗമായാണ് ഇത്തരം സുപ്രധാന പദ്ധതികൾ നടപ്പിലാക്കുന്നത്.

+ There are no comments
Add yours