പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ട്രംപ്; ഇറാനെതിരെ നാവിക ഉപരോധം ആരംഭിച്ചു

1 min read
Spread the love

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ പ്രധാന സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചു യുഎസ് നാവികസേന ഉടൻ തന്നെ മേഖലയിൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഒരു കപ്പലിനെയും കടലിടുക്ക് കടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. ആണവ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറാകാത്തതാണ് സമാധാന ശ്രമങ്ങൾ തകരാൻ കാരണമെന്ന് ട്രംപ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലൂടെ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും തടയാൻ യുഎസ് നാവികസേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണി ഉയർത്തുന്നുവെന്നും ലോകത്തെ ബന്ദിയാക്കി ‘പിടിച്ചുപറി’ നടത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഇറാന് നികുതിയോ ടോളോ നൽകി അന്താരാഷ്ട്ര പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും അമേരിക്ക തടയും. ഇത്തരം കപ്പലുകൾക്ക് സമുദ്രപാതയിൽ സുരക്ഷ നൽകില്ലെന്ന് വ്യക്തമാക്കിയ യുഎസ്, കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു.

ഇറാന്റെ ഭാഗത്തുനിന്ന് സൈനികമായ നീക്കങ്ങളുണ്ടായാൽ അതിശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലെ സംഘർഷങ്ങളിലൂടെ ഇറാന്റെ നാവിക-വ്യോമസേനകളും റഡാർ സംവിധാനങ്ങളും തകർക്കപ്പെട്ടുവെന്നും ഭരണനേതൃത്വം ദുർബലമായെന്നും ട്രംപ് അവകാശപ്പെട്ടു

അമേരിക്കൻ സൈന്യം ഏതുനിമിഷവും ആക്രമണത്തിന് സജ്ജമാണെന്നും ഇറാനിൽ അവശേഷിക്കുന്ന സൈനിക ശേഷി കൂടി ഇല്ലാതാക്കാൻ മടിക്കില്ലെന്നും അദ്ദേഹം തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ആണവായുധ മോഹം ഉപേക്ഷിക്കാതെ ഇറാനെ ഇനി സാമ്പത്തിക ലാഭമുണ്ടാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ ഈ നാവിക ഉപരോധം ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര ചരക്ക് നീക്കത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ഗർ വിലയിരുത്തുന്നത്.

ഇന്ധനവില കുതിച്ചുയരാൻ സാധ്യതയുള്ളതിനാൽ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് ഈ നീക്കത്തെ നോക്കിക്കാണുന്നത്. പശ്ചിമേഷ്യയിൽ വീണ്ടും ഒരു യുദ്ധസാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

You May Also Like

More From Author

+ There are no comments

Add yours