ദുബായ്: ദുബായ് മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിന്ന് യാത്ര ചെയ്യേണ്ട സ്ഥലത്ത് ഇരിക്കുന്നതോ ഉറങ്ങുന്നതോ ശിക്ഷാർഹമാണ്. യാത്രക്കാരുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നതോ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഇരിക്കുന്നതോ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നിരോധിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്താൽ 100 ദിർഹം മുതൽ പിഴ ഈടാക്കൻ സാധ്യതയുണ്ട്.
തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ മര്യാദയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്ന് RTA ആവശ്യപ്പെടുന്നു. യാത്രക്കാർക്കുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്:
1) വ്യക്തിഗത ഇടം മാനിക്കുക
2) മെട്രോ കമ്പാർട്ട്‌മെന്റുകളുടെ ഉൾവശത്തേക്ക് നീങ്ങുക
3) മറ്റുള്ളവർ ഇറങ്ങിയ ശേഷം മാത്രം കയറുക
4) യാത്രക്കാർ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഇരിക്കരുത്
ഈ നിയമങ്ങൾ പാലിക്കാത്തവരിൽ നിന്ന് RTA പിഴ ഈടാക്കും. കമ്പാർട്ട്‌മെന്റുകളിൽ ഉൾവശത്തേക്ക് നീങ്ങുക, തറയിൽ ഇരിക്കാതിരിക്കുക, വ്യക്തിഗത ഇടം ബഹുമാനിക്കുക തുടങ്ങിയ അടിസ്ഥാന മര്യാദകൾ പാലിക്കുന്നത് മെട്രോ യാത്ര സുഗമമാക്കാൻ സഹായിക്കും.
സമീപകാലത്ത് ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിലൂടെ, മെട്രോ കമ്പാർട്ട്‌മെന്റുകളുടെ ഇടയിലുള്ള ഭാഗങ്ങളിൽ ഇരിക്കുന്നത് തടയാൻ “ഇവിടെ ഇരിക്കരുത്” എന്ന സ്റ്റിക്കറുകൾ ഒട്ടിക്കണമെന്നോ പിഴ ചുമത്തണമെന്നോ നിർദ്ദേശിച്ചിരുന്നു. ഇത്തരം പ്രവർത്തികൾ തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു.
ഈ ആശങ്ക ഉന്നയിച്ചതിന് RTA യാത്രക്കാരനോട് നന്ദി പറഞ്ഞു. കൂടാതെ, അസൗകര്യത്തിന് ക്ഷമാപണം നടത്തുകയും ചെയ്തു. മെട്രോയിൽ പതിവായി ഇൻസ്‌പെക്ടർമാർ പരിശോധന നടത്തുന്നുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, മെട്രോ സ്റ്റേഷൻ ജീവനക്കാരെ നേരിട്ട് സമീപിച്ച് പരാതി അറിയിക്കാം.
ദിവസേന ഏകദേശം 900,000 യാത്രക്കാരാണ് ദുബൈ മെട്രോ ഉപയോഗിക്കുന്നത്. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ, RTA മര്യാദ, ടിക്കറ്റ് നിയമങ്ങൾ, പെരുമാറ്റം, ആരോഗ്യം, സുരക്ഷ എന്നിവ ഉൾക്കൊള്ളുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

+ There are no comments
Add yours