ദുബായ്: ദുബായ് ഫെസ്റ്റിവൽ സിറ്റിയിലും ക്രീക്ക് ഹാർബറിലും ദുബായ് ഓട്ടോണമസ് ട്രാൻസ്‌പോർട്ട് സോൺ സ്ഥാപിക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എമാർ പ്രോപ്പർട്ടീസുമായും അൽ-ഫുത്തൈമുമായും രണ്ട് കരാറുകളിൽ ഒപ്പുവച്ചു. എമിറേറ്റിന്റെ ഡ്രൈവറില്ലാ മൊബിലിറ്റി അഭിലാഷങ്ങൾക്കായി പരീക്ഷണ കേന്ദ്രങ്ങളായി മാറുന്ന പ്രദേശങ്ങളാണിത്.
ആർടിഎയിലെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ സി ഇ ഒ അഹ്‌മദ് ബഹ്റൂസിയാൻ പറഞ്ഞതനുസരിച്ച്, ഈ മേഖലയിൽ യാത്ര ചെയ്യാൻ മെട്രോ, ഓട്ടോണമസ് ടാക്സികൾ, ഷട്ടിൽ ബസുകൾ, അബ്ര, മറ്റു ജലഗതാഗത മാർഗങ്ങൾ എന്നിവ ഉപയോഗിക്കാം. ക്രീക്ക് സ്റ്റേഷനിൽ ഇറങ്ങിയ ശേഷം, യാത്രക്കാർക്ക് ഓട്ടോണമസ് ബസോ അബ്രയോ ഉപയോഗിച്ച് ദുബൈ ക്രീക്ക് ഹാർബറിലേക്കോ ദുബൈ ഫെസ്റ്റിവൽ സിറ്റിയിലേക്കോ എളുപ്പത്തിൽ എത്തിച്ചേരാനാകും.
ഈ മേഖലയിൽ റോഡ് ശുചീകരണ വാഹനങ്ങൾ പോലും ഡ്രൈവർ രഹിതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയുടെ ഭാവി ഗതാഗത സങ്കൽപ്പങ്ങളുടെ ഒരു പ്രതിഫലനമാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവഴി, ഡ്രൈവർ രഹിത വാഹനങ്ങൾ ഉപയോഗിച്ച് കരയിലും വെള്ളത്തിലും യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. ദുബൈ വേൾഡ് കോൺഗ്രസ് ആൻഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്‌പോർട്ടിൽ വെച്ചായിരുന്നു ഈ പ്രഖ്യാപനം.
2030 ഓടെ ദുബൈയിലെ എല്ലാ യാത്രകളുടെയും 25% സെൽഫ് ഡ്രൈവിംഗ് യാത്രകളാക്കി മാറ്റാൻ ശ്രമിക്കുന്ന എമിറേറ്റിന്റെ സ്മാർട്ട് സെൽഫ് ഡ്രൈവിങ്ങ് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി നടപ്പിലാക്കാനുള്ള ആർ.ടി.എയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

+ There are no comments
Add yours