ചാർജിംഗ് ആവശ്യമില്ലാത്ത ഇലക്ട്രോണിക് വാഹനം; വിപ്ലവകരമായ കണ്ടുപിടിത്തവുമായി ഖത്തർ

1 min read
Spread the love

ദോഹ: ഇലക്ട്രോണിക് വാഹന മേഖലയിൽ വിപ്ലവകരമായ കുതിപ്പിന് കളമൊരുക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഖത്തരി എഞ്ചിനീയർ. വാഹനം ഒരിടത്ത് നിർത്തിയിട്ട് ബാറ്ററി റീചാർജ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മറിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ബാറ്ററി സ്വയം റീചാർജ് ചെയ്യപ്പെടും.

കഴിഞ്ഞ ദിവസം ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ സമാപിച്ച ‘മെയ്ഡ് ഇൻ ഖത്തർ'(Made in Qatar) എക്സിബിഷനിൽ പ്രദർശിപ്പിച്ച നൂതനമായ ഈ ഇലക്ട്രിക് വാഹനം മേഖലയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണിപ്പോൾ.

എഞ്ചിനീയറിംഗ് മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള ഖത്തർ പൗരൻ ഡോ. അദ്നാൻ ഫഹദ് അൽ റംസാനി അൽ നഈമി(Adnan Fahad Al Ramzani Al Naimi)യുടേതാണ് ഈ കണ്ടെത്തൽ. 1983 മുതൽ താൻ ഈ സ്വപ്‌ന പദ്ധതിക്ക് പിറകിലായിരുന്നുവെന്ന് ഖത്തർ എനർജിയിൽ നിന്ന് വിരമിച്ച എഞ്ചിനീയർ ഡോ. അൽ നഈമി പറയുന്നു.

വാഹനത്തിന്റെ പ്രാഥമിക മാതൃകാ ഡിസൈൻ നേരത്തേ തന്നെ വികസിപ്പിക്കുകയും അത് വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ വിദ്യാഭ്യാസവും തൊഴിലുമൊക്കെയായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിൽ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടിവന്നു.

എന്നാൽ പദ്ധതി വെളിച്ചം കാണാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന തിരിച്ചറിവാണ് പാതിവഴിയിൽ നിർത്തിവച്ച പദ്ധതി പുനരാരംഭിക്കാൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. കാരണം രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ ഉപയോഗത്തിന് വലിയ പ്രചാരമാണ് ഇപ്പോൾ രാജ്യത്ത് ലഭിക്കുന്നത്.

ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ പരിമിതിയെന്നത് ദീർഘദൂരം യാത്ര ചെയ്യണമെങ്കിൽ വഴിയിൽ ഏറെ നേരം ബാറ്ററി റീചാർജ്ജ് ചെയ്യുന്നതിനായി നിർത്തിയിടണം എന്നതാണ്. എന്നാൽ ഈ തടസ്സം ഇല്ലാതെയാക്കാൻ തന്റെ കണ്ടുപിടുത്തത്തോടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനുള്ള ഖത്തറിന്റെ കഴിവ് ഒരിക്കൽ കൂടി ആഗോളതലത്തിൽ പ്രദർശിപ്പിക്കാനുള്ള അവസരമാണ് തനിക്ക് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും അതിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You May Also Like

More From Author

+ There are no comments

Add yours