സോഷ്യൽ മീഡിയയിൽ വൈറലായ ബൈക്ക് അഭ്യാസം; ബൈക്ക് പിടിച്ചെടുത്ത് കത്തിച്ച് ഖത്തർ പോലീസ്

0 min read
Spread the love

ദോഹ: സോഷ്യൽ മീഡിയയിൽ വൈറലായ വാഹനാഭ്യാസ വീഡിയോയിലെ മോട്ടോർ സൈക്കിൾ ഖത്തർ പോലീസ് പിടിച്ചെടുത്തു. നിയമലംഘനത്തിന് ഉപയോഗിച്ച സൂപ്പർ ബൈക്ക് ഇരുമ്പ് നുറുക്കുന്ന യന്ത്രത്തിലിട്ട് പൊടിയാക്കി കത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയും ഇപ്പോൾ വൈറലായി.

തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുംവിധം പൊതുറോഡിൽ അഭ്യാസ പ്രകടനം നടത്തിയതിനെ തുടർന്നാണ് നടപടി. മോട്ടോർ സൈക്കിൾ ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരേ മറ്റു നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെയുള്ള തടവ് ശിക്ഷയും 10,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴയുമാണ് ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.

യുവാവ് ബൈക്കിൽ എഴുന്നേറ്റ് നിന്ന് ഇരുകൈകളും മുകളിലേക്ക് ഉയർത്തി തിരക്കേറിയ റോഡിലൂടെ വേഗത്തിൽ സഞ്ചരിക്കുന്നത് മന്ത്രാലയം ഷെയർ ചെയ്ത വീഡിയോയിലുണ്ട്. തുടർന്ന് സൂപ്പർ ബൈക്കിന്റെ അടുത്തുനിന്ന് പകർത്തിയ ദൃശ്യങ്ങൾ. ഇതിനു പിന്നാലെ വലിയ യന്ത്രക്കൈ ഉപയോഗിച്ച് ബൈക്ക് പൊക്കിയെടുത്ത് ഇരുമ്പുകൾ നുറുക്കുന്ന യന്ത്രത്തിലേക്ക് ഇടുന്നു.

കറങ്ങുന്ന യന്ത്രത്തിൽ വീണയുടൻ തന്നെ ബൈക്ക് നുറുങ്ങുകയും തീകത്തുകയും ചെയ്യുന്നതാണ് വീഡിയോ. ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കുള്ള താക്കീത് എന്ന നിലയിലാണ് ആഭ്യന്തര മന്ത്രാലയം വീഡിയോ പുറത്തുവിട്ടത്.

You May Also Like

More From Author

+ There are no comments

Add yours