ഇന്ത്യ-പാക് സംഘർഷം മൂലം താൽക്കാലികമായി നിർത്തിവച്ച ഐപിഎൽ മത്സരങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ബിസിസിഐ. വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ അതിർത്തി സംസ്ഥാനങ്ങളിൽ അടക്കം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരികയും സംഘർഷാവസ്ഥയിൽ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐപിഎൽ പുനരാരംഭിക്കുന്നത്. മത്സരങ്ങൾ മെയ് 17 മുതലായിരിക്കും വീണ്ടും ആരംഭിക്കുക എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
എന്നാൽ ശേഷിക്കുന്ന മത്സരങ്ങൾ തിരഞ്ഞെടുത്ത വേദികളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം. ബാക്കിയുള്ള 17 മത്സരങ്ങൾ 6 വേദികളിലായി (ബെംഗളൂരു, ജയ്പൂർ, ഡൽഹി, ലഖ്നൗ, മുംബൈ, അഹമ്മദാബാദ്) നടക്കും. കൂടാതെ ഐപിഎൽ 2025 ഫൈനൽ മെയ് 25ന് പകരം ജൂൺ 3ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയോളമാണ് ഐപിഎൽ മത്സരങ്ങൾ ഇക്കുറി നിർത്തിവച്ചത്.
ഐപിഎൽ 2025 പുതുക്കിയ ഷെഡ്യൂൾ
മെയ് 18, മെയ് 25 എന്നീ ഞായറാഴ്ചകളിൽ മാത്രമേ രണ്ട് മത്സരങ്ങൾ നടക്കൂ. മെയ് 29ന് ക്വാളിഫയർ 1, മെയ് 30ന് എലിമിനേറ്റർ 2, ജൂൺ 1ന് ക്വാളിഫയർ 2 എന്നിവ നടക്കും. നേരത്തെ നിശ്ചയിച്ചതിലും ഒരാഴ്ചത്തെ താമസമാണ് മത്സരങ്ങൾക്ക് ഉണ്ടാവുക. പ്രധാനമായും മത്സരങ്ങൾ പ്രത്യേക വേദികളിലായി മാത്രം പരിമിതപ്പെടുത്തിയതോടെ ചില ടീമുകൾക്ക് ശേഷിക്കുന്ന ഹോം മത്സരങ്ങൾ നഷ്ടമാവും എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ നേരത്തെ പാതിവഴിയിൽ നിർത്തേണ്ടി വന്ന ഡൽഹി-പഞ്ചാബ് മത്സരം വീണ്ടും നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. സീസണിലെ 58-ാമത്തെ മത്സരമായിരുന്ന പഞ്ചാബ് കിംഗ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ മത്സരം ആരംഭിച്ച് 10.2 ഓവറുകൾ കഴിഞ്ഞപ്പോൾ അത് റദ്ദാക്കിയിരുന്നു. മെയ് 24ന് ജയ്പൂരിൽ വെച്ച് ഇത് ആദ്യം മുതൽ നടക്കുമെന്നാണ് സൂചന.

+ There are no comments
Add yours