യാത്രയ്കിടയിൽ എത്ര പവൻ സ്വർണ്ണം ധരിക്കാനാകും?! നിയമം കർശനമാക്കാൻ ഒരുങ്ങി യുഎഇ

0 min read
Spread the love

യുഎഇ: സ്വർണ്ണകള്ളക്കടത്തിനെ ഏറ്റവും കൂടുതൽ എതിർക്കുന്ന രാജ്യങ്ങളിൽ ഒന്ന് യുഎഇ ആണ്. സ്വർണ്ണം ബിസ്ക്കറ്റ് രൂപത്തിലോ ​ഗുളികകളുടെ രൂപത്തിലോ കൊണ്ട് പോകുന്നത് മാത്രമല്ല, ധരിച്ച് കൊണ്ട് പോകുന്ന സ്വർണ്ണാഭരണങ്ങൾ ഉപയോ​ഗിക്കുന്ന കാര്യത്തിലും നിയമം കർശനമാക്കാൻ ഒരുങ്ങുകയാണ് യുഎഇ.

യാത്രക്കാര്‍ക്ക് തങ്ങളുടെ കൈവശം കൊണ്ടുപോകാന്‍ കഴിയുന്ന സ്വര്‍ണ്ണത്തിന്റെ അളവ് നിശ്ചയിക്കുന്നതില്‍ എല്ലാ രാജ്യങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുകയാണ്. ഇക്കാര്യത്തെപ്പറ്റി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും യുഎഇയിലെ മറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിവരികയാണ്. സ്വര്‍ണ ബിസ്‌കറ്റ്, നാണയം, ആഭരണം എന്നിവ യാത്രയ്ക്കിടെ കൈവശം വെയ്ക്കുന്നത് സംബന്ധിച്ച് എല്ലാ രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളാണുള്ളത്.

ചില രാജ്യങ്ങള്‍ ഇവ കൈയ്യില്‍ കരുതുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. മറ്റ് ചില രാജ്യങ്ങൾ ഇത്തരത്തില്‍ കൊണ്ടുപോകുന്ന സ്വര്‍ണ്ണത്തിന്റെ തൂക്കം പരിശോധിക്കും. വലിയ അളവില്‍ സ്വര്‍ണ്ണവുമായി യാത്ര ചെയ്യുന്നവര്‍ ഇക്കാര്യം കസ്റ്റംസിനെ അറിയിക്കേണ്ടതുമാണ്.

അതേസമയം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് പബ്ലിക് പോളിസി മേധാവി ആന്‍ഡ്രൂ നെയ്‌ലര്‍ രംഗത്തെത്തി. സ്വര്‍ണ്ണം സുരക്ഷിതമായ വഴികളിലൂടെയാണ് അതിര്‍ത്തിയ്ക്ക് പുറത്തേക്ക് എത്തിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

” എന്നാല്‍ വലിയ അളവിൽ സ്വര്‍ണവുമായി വ്യക്തികള്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കാറുണ്ട്. അത് തെറ്റാണെന്ന് അല്ല പറഞ്ഞത്. ഈ പ്രവൃത്തിയ്‌ക്കൊരു സുതാര്യതയില്ല. ഇവ ചിലപ്പോള്‍ നിയമവിരുദ്ധമായ സ്വര്‍ണ്ണക്കടത്തിലേക്ക് വരെ നയിച്ചേക്കാം. ചില സമയത്ത് നിയമവിരുദ്ധ ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഈ രീതിയില്‍ സ്വര്‍ണ്ണം കടത്തിയേക്കാം,” എന്ന് നെയ്‌ലര്‍ പറഞ്ഞു.

ഒരു ഏകീകൃത നിയമം കൊണ്ടുവരുന്നത് സ്വര്‍ണ്ണവും മറ്റ് ആഭരണങ്ങളും വാങ്ങാനായി ദുബായിലേക്കെത്തുന്ന യാത്രക്കാരെ സഹായിക്കും. നിരവധി സഞ്ചാരികള്‍ സ്വര്‍ണ്ണം വാങ്ങാനായി മാത്രമാണ് ദുബായ് നഗരത്തിൽ എത്തുന്നതെന്ന് ഈയടുത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

പ്രധാനമായും അഞ്ച് കാര്യങ്ങള്‍ക്കാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ഡിഎംസിസിയും പ്രാധാന്യം നല്‍കുന്നത്. ഏത് രൂപത്തിലുള്ള സ്വര്‍ണ്ണം കൈയ്യില്‍ കരുതാനാണ് അനുമതിയുള്ളത്? വ്യക്തിഗത പരിധി എത്രയാണ്?, മുന്‍കൂര്‍ അനുമതിയുണ്ടോ?, കൈയ്യില്‍ കൊണ്ടുപോകുന്ന സ്വര്‍ണ്ണം എങ്ങനെ ട്രാക്ക് ചെയ്യാം? തുടങ്ങിയ കാര്യങ്ങള്‍ക്ക് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ഡിഎംസിസിയും പ്രാധാന്യം നല്‍കുന്നു.

” നിലവിലെ സ്ഥിതിയില്‍ ഇക്കാര്യത്തില്‍ ഒരു ഏകീകൃത നിയമം നിലവിലില്ല. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തമായ നിയമമാണ് നിലനില്‍ക്കുന്നത്. ചില രാജ്യങ്ങള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ രജിസ്‌ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൈയ്യില്‍ കൊണ്ടുപോകുന്ന സ്വര്‍ണ്ണത്തിന്റെ നിയമപരമായ പരിധിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടത്തേണ്ട സമയമായെന്ന് ഞങ്ങള്‍ കരുതുന്നു,” എന്ന് ആന്‍ഡ്രൂ നെയ്‌ലര്‍ പറഞ്ഞു.

വ്യക്തപരമായ ആവശ്യങ്ങള്‍ക്കായി യാത്രക്കാര്‍ സ്വര്‍ണം വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ അതിനായി ഹോള്‍സെയ്ല്‍ രീതിയിലുള്ള വില്‍പ്പന അനുവദനീയമാണോ എന്ന ചോദ്യം അപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വേഗത്തില്‍ കണ്ടെത്താനാകണമെന്നും അതിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You May Also Like

More From Author

+ There are no comments

Add yours