അബുദാബി: പുതുവർഷത്തെ വരവേൽക്കാനുള്ള അന്തിമ തയ്യാറെടുപ്പുകളിലാണ് യു.എ.ഇ. ലോകത്തെ വിസ്മയിപ്പിക്കുന്ന ആഘോഷ പരിപാടികളായിരിക്കും ഈ പുതുവർഷവും സാക്ഷ്യംവഹിക്കുക.
കരിമരുന്ന് പ്രയോഗം, ഡ്രോൺ പ്രദർശനം, ലേസർ ഷോ, സ്റ്റേജ് പരിപാടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് രാജ്യവ്യാപകമായി ആസൂത്രണം ചെയ്തിട്ടുള്ളത്. അൽ വത്ബയിലെ ശൈഖ് സായിദ് ഉത്സവനഗരിയിൽ 60 മിനിറ്റ് ദൈർഘ്യത്തിലുള്ള കരിമരുന്ന് പ്രയോഗത്തിലൂടെ പുതിയ റെക്കോഡ് സൃഷ്ടിക്കും. 5000-ത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ചുള്ള പ്രദർശനവും ആസ്വദിക്കാം.
ശൈഖ് സായിദ് ഉത്സവത്തിലെ വിവിധ പവിലിയനുകളിൽ പുതുവർഷം പ്രമാണിച്ച് ഒട്ടേറെ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. എമിറേറ്റ്സ് ഫൗണ്ടനിലെ ലേസർ, മ്യൂസിക് ഷോകളും സന്ദർശകർക്ക് മികച്ച അനുഭവമാകും. കൂടാതെ ഒരുലക്ഷം ബലൂണുകൾ ഒന്നിച്ച് ആകാശത്തേക്ക് പറന്നുയരുന്നതും കാണാം. ആഘോഷങ്ങൾ തത്സമയം ആസ്വദിക്കാൻ ഫെസ്റ്റിവൽ സ്‌ക്വയറിന് പുറത്ത് വലിയ സ്‌ക്രീനുകൾ സ്ഥാപിക്കും.
ദുബായിൽ ബുർജ് ഖലീഫ, പാം ജുമൈറ, ബുർജ് അൽ അറബ്, ഹത്ത, അൽ സീഫ്, ബ്ലൂ വാട്ടേഴ്‌സ്, ദ ബീച്ച്, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലായി കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും. ഇതുവരെയില്ലാത്ത ആഘോഷ പരിപാടികളാണ് ഇത്തവണ ബുർജ് ഖലീഫയിൽ സജ്ജീകരിച്ചിട്ടുള്ളത്. യു.എ.ഇ. അടക്കം ഏഴുരാജ്യങ്ങളുടെ പുതുവർഷാഘോഷം ആസ്വദിക്കാനുള്ള സൗകര്യവും ദുബായിലുണ്ടാവും. ചൈന, തായ്‌ലാൻഡ്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ, യു.എ.ഇ., തുർക്കി എന്നീ രാജ്യങ്ങളുടെ പ്രാദേശികസമയം അനുസരിച്ചായിരിക്കും ആഘോഷമുണ്ടാവുക. ദ ബീച്ച്, ജെ.ബി.ആർ., ബ്ലൂ വാട്ടേഴ്‌സ് എന്നിവിടങ്ങളിലെ ഡ്രോൺ പ്രദർശനങ്ങൾ ആഘോഷപരിപാടികൾക്ക് പകിട്ടേകും.
ഡ്രോണുകൾകൊണ്ട് ദുബായിയുടെ ഭൂതകാലവും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ആവിഷ്‌കരിക്കും. അറ്റ്‌ലാന്റിസ്, ഓപ്പറ, ബീച്ച് ഫെസ്റ്റിവൽ, ബുർജ് അൽ അറബ് എന്നിവിടങ്ങളിലും ഒട്ടേറെ ആഘോഷപരിപാടികൾ അരങ്ങേറും. അരലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുന്ന പുതുവർഷാഘോഷങ്ങളാണ് റാസൽഖൈമയിലും സംഘടിപ്പിക്കുന്നത്.
10,000-ത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ച് ഏറ്റവും ദൈർഘ്യമേറിയ നേർരേഖാ ഡ്രോൺ പ്രദർശനം, വെള്ളത്തിലെ ഏറ്റവും നീളമേറിയ കരിമരുന്ന് പ്രയോഗം എന്നിങ്ങനെ രണ്ടു ലോക ഗിന്നസ് റെക്കോഡുകളാണ് റാസൽഖൈമ ലക്ഷ്യമിടുന്നത്.
+ There are no comments
Add yours