ദുബായ്: ദുബായിൽ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ സ്ഥാപിക്കുമെന്ന് ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) അറിയിച്ചു. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ രണ്ട് ഗേറ്റുകൾ സ്ഥാപിക്കുക.
ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാലിക് പറഞ്ഞു.
വിപുലമായ ട്രാഫിക് പഠന റിപ്പോർട്ട് തയ്യാറാക്കിയാണ് ദുബായ് ആർടിഎ ഈ രണ്ട് റോഡുകൾ തിരഞ്ഞെടുത്തത്. നിലവിൽ യാത്രക്കാർക്ക് സുരക്ഷിതമായി വാഹനമോടിക്കാനും റോഡുകളിലെ തിരക്ക് കുറയ്ക്കാനും ഈ സംവിധാനം പ്രയോജനപ്പെടും. 2024 നവംബറോടെ പുതിയ ഗേറ്റുകളുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
പുതിയ രണ്ട് ഗേറ്റുകൾ കൂടി വരുന്നതോടെ സാലിക്കിന്റെ മൊത്തം ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും. അൽ മംസാർ നോർത്ത്, സൗത്ത് എന്നിവയ്ക്ക് സമാനമായി, അൽ സഫ സൗത്ത് നിലവിലെ അൽ സഫ ഗേറ്റുമായി ബന്ധിപ്പിക്കും, അതിലൂടെ യാത്രക്കാർ ഒരേ ദിശയിൽ ഒരു മണിക്കൂറിനുള്ളിൽ രണ്ട് ഗേറ്റുകൾ കടന്നാൽ ഒരു തവണ മാത്രമേ നിരക്ക് ഈടാക്കൂ.
+ There are no comments
Add yours