പൈലറ്റ് നിയമങ്ങൾ, വിമാനം റദ്ദാക്കൽ: ഒടുവിൽ ക്ഷമ ചോദിച്ച് ഇൻഡിഗോ ചെയർമാൻ

0 min read
Spread the love

ന്യൂഡൽഹി: വിമാന സർവീസുകൾ താളംതെറ്റിയതിന് പിന്നാലെ യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദപ്രകടനവുമായി ഇൻഡിഗോ ചെയർമാൻ വിക്രം സിങ് മേഹ്ത. യാത്രക്കാരോട് ക്ഷമ ചോദിച്ച അദ്ദേഹം യാത്രക്കാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് വ്യക്തമാക്കി. വിഷയത്തിൽ ഇതാദ്യമായാണ് ഇൻഡിഗോ ബോർഡ് ചെയർമാന്റെ പ്രതികരണം വരുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിഷയത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനായി ഇൻഡിഗോയുമായി സഹകരിച്ച് പ്രവർത്തിക്കാൻ പുറത്തുനിന്ന് സാങ്കേതിക വിദഗ്ധരെ എത്തിക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളിൽ ഉപഭോക്താക്കളോടും സർക്കാരിനോടും ഓഹരി ഉടമകളോടും ജീവനക്കാരോടും മറുപടി പറയാൻ ഇൻഡിഗോ ബാധ്യസ്ഥരാണ്. നിങ്ങളുടെ പ്രതീക്ഷകളെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു, അദ്ദേഹം വ്യക്തമാക്കി.

ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം ബോധപൂർവ്വം കുറച്ചുവെന്ന ആരോപണം അദ്ദേഹം തള്ളി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ക്രൂ ഡ്യൂട്ടി ടൈം ലിമിറ്റേഷൻ പരിഷ്‌കരിച്ചതിനെ തുടർന്നുണ്ടായ ആൾ ക്ഷാമമാണ് ഇൻഡിഗോയിലെ പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കുന്നതിനും പൈലറ്റുമാർക്ക് ആവശ്യമായ വിശ്രമം അനുവദിക്കുന്നതിനും പുതിയ പരിഷ്‌കരണം നടപ്പാക്കിയത് എന്നാൽ ഇതിന് പിന്നാലെ ഇൻഡിഗോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയായിരുന്നു. പുതിയ ഡിജിസിഎ നിയമപ്രകാരം ഇൻഡിഗോയ്ക്ക് ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഒരാഴ്ചയിലേറെ നീണ്ട വ്യാപകമായ വിമാനസർവീസ് റദ്ദാക്കലുകൾക്കും വൈകലുകൾക്കും വഴിവെച്ചത്.

എന്നാൽ കേന്ദ്രസർക്കാർ നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഇൻഡിഗോ ചെയർമാൻ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ പ്രധാനപ്പെട്ടതാണ്. ഡിജിസിഎയുടെ പൈലറ്റ് ചട്ടങ്ങൾ മറികടക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി. ഇപ്പോൾ ഉണ്ടായ പ്രതിസന്ധിയിൽ ബോർഡിന് ഒരു പങ്കും ഇല്ല. വീഴ്ചയിൽ നിന്ന് പാഠം പഠിച്ച് തിരിച്ചു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours