എംഎ യൂസഫലി. ഈ പേര് പരിചിതമല്ലാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. ദൃഢനിശ്ചയം ഒന്ന് കൊണ്ട് മാത്രം അറബ് രാജ്യത്ത് സ്വന്തം ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി. ആർക്കും പ്രചോദനമാകുന്ന സ്വപ്നതുല്യമായ ജീവിത വളർച്ച കൈവരിച്ച ബിസിനസ്സുക്കാരൻ. അബ്ദുൽ ഖാദർ യൂസഫലി എന്ന എംഎ യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിന് 50 വർഷം തികയുകയാണ്.
കേരളത്തിലെ തൃശൂർ ജില്ലയിലെ നാട്ടികയിലാണ് യൂസഫ് അലി ജനിക്കുന്നത്. യൂസഫലി മുസലിയം വീട്ടിൽ അബ്ദുൾ ഖാദർ എന്നാണ് മുഴുവൻ പേര്. ബിസിനസ് മാനേജ്‌മെന്റ് ആൻഡ് അഡ്മിനിസ്‌ട്രേഷനിൽ ഡിപ്ലോമ നേടിയ യൂസഫ് അലി അമ്മാവന്റെ ചെറുകിട വിതരണ ബിസിനസിൽ ചേരാനാണ് 1973-ൽ അബുദാബിയിലേക്ക് എത്തുന്നത്.
1973 ഡിസംബർ 31 നായിരുന്നു ദുബായിലെ റാഷിദ് തുറമുഖത്ത് നങ്കൂരമിട്ട ‘ഡുംറ’ എന്ന കപ്പലിൽ എംഎ യൂസഫലി ആദ്യമായി ഇന്ത്യയിൽ നിന്നും യുഎഇയുടെ തീരത്ത് വന്നിറങ്ങുന്നത്. വെറും പത്തൊൻപത് വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. “രാവിലെ കപ്പൽ നങ്കൂരമിട്ടെങ്കിലും, ഞാൻ തുറമുഖത്ത് നിന്ന് ഇറങ്ങുമ്പോൾ ഏകദേശം രാത്രി 10 മണിയായിരുന്നു. നീല ടൊയോട്ട സ്റ്റൗട്ട് പിക്കപ്പിൽ അബുദാബിയിൽ എത്താൻ അന്ന് രാത്രി ഏകദേശം നാല് മണിക്കൂർ എടുത്തതായി ഞാൻ ഇപ്പോഴും ഓർക്കുന്നു, കാരണം അക്കാലത്ത് ഇത് ഒറ്റ ട്രാക്ക് റോഡായിരുന്നു.” എന്നായിരുന്നു തന്റെ ആദ്യ യാത്രയെക്കുറിച്ച് യുസഫ് അലി അടുത്തിടെ പറഞ്ഞത്.
ലുലു ഗ്രൂപ്പ് – തുടക്കം
1970 കളിൽ ഒരു ചെറിയ വ്യാപാര കേന്ദ്രമായി ആരംഭിച്ച ലുലു ഇന്ന് ഏറ്റവും വലിയ റീട്ടെയിൽ കമ്പനികളിലൊന്നാണ്. 1990-കളിൽ എംഎ യൂസഫ് അലി തന്റെ ആദ്യത്തെ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) തലസ്ഥാന നഗരമായ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ന് ലോകത്ത് തന്നെ അറിയപ്പെടുന്ന ഷോപ്പിംഗ് മാളുകളുടെയും ഹൈപ്പർമാർക്കറ്റുകളുടെയും ഒരു ശൃംഖലയാണ്. 24 രാജ്യങ്ങളിലായി 260-ലധികം ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ലുലുവിന് ഇന്ന് സ്വന്തമായുണ്ട്. 46 വ്യത്യസ്ത രാജ്യക്കാർ ഉൾപ്പെടുന്ന 70,000 ത്തോളം ആളുകളും ലുലുവിൽ ജോലി ചെയ്യുന്നു. ലുലു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ് ഏകദേശം 8 ബില്യൺ യുഎസ് ഡോളറാണ് (65800 കോടി രൂപ) എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഗൾഫ് യുദ്ധവും ചെറുത്തുനിൽപ്പും
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലുമായിരുന്നു ഹൈപ്പർ മാർക്കറ്റുകളുമായി യൂസഫലി ലുലുവിന്റെ വ്യാപാര ശൃംഖലയ്ക്ക് തുടക്കമിടുന്നത്. ഇതേ കാലത്താണ് ഗൾഫ് നാടുകളെ പിടിച്ചുകുലുക്കിയ മറ്റൊരു സംഭവവികാസം അരങ്ങേറുന്നത്. സദ്ദാം ഹുസൈൻ എന്ന ഇറാഖ് ഭരണാധികാരി കുവൈത്തിനെ കീഴടക്കി ആധിപത്യം സ്ഥാപിക്കുന്ന സമയം. സദ്ദാമിന്റെ കുവൈത്ത് അധിനിവേശം ഗൾഫ് യുദ്ധം എന്ന പേരിൽ മേഖലയുടെ സമാധാനം തകർത്ത നാളുകൾ.
സമ്പന്നമായ കുവൈത്തിനെ ഇറാഖ് സൈന്യം ആക്രമിച്ചപ്പോൾ സദ്ദാമിന്റെ അധിനിവേശത്തെ ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ രൂപപ്പെട്ട സഖ്യത്തിൽ 42 രാജ്യങ്ങളാണ് അണിനിരന്നത്. ഇതിൽ ഏറെയും ഇസ്ലാമിക- അറബ് രാജ്യങ്ങളായിരുന്നു. 1990 ഓഗസ്ത് രണ്ട് മുതൽ 1991 ഫെബ്രുവരി 28 വരെ നീണ്ട ഗൾഫ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ എല്ലാ ഗൾഫ് നാടുകളിലും പ്രതിഫലിച്ചു. വാണിജ്യരംഗം ക്ഷീണിച്ചു. ഗൾഫ് നാടുകൾ തമ്മിലുള്ള വ്യാപാരങ്ങളും തളർന്നു. ഗൾഫ് മേഖല ഇനി സുരക്ഷിതമായിരിക്കില്ല എന്ന് കരുതി നിരവധി സമ്പന്ന ബിസിനസ് ഗ്രൂപ്പുകൾ എല്ലാം അവസാനിപ്പിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിത്തുടങ്ങുന്ന കാലം കൂടിയായിരുന്നു ഇത്. എന്നാൽ പലരും മടങ്ങിപ്പോവുന്നതിനിടയിലായിരുന്നു യുവാവായ യൂസഫലി ഹൈപ്പർ മാർക്കറ്റുകളുമായി യു.എ.ഇയിൽ ചലനം സൃഷ്ടിക്കുന്നത്. യു.എ.ഇ ഭരണാധികാരികൾ ഇത് സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു.
പലരും ‘അപകടം’ മണത്ത് സ്ഥലം വിടുമ്പോൾ കൂടുതൽ നിക്ഷേപം നടത്താൻ ഒരുങ്ങിയ യൂസഫലിയുടെ ധൈര്യം യു.എ.ഇയിലെ രാജകുടുംബങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. പലരും ഇക്കാര്യം യൂസഫലിയോട് തന്നെ ചോദിച്ചു. അതിന് അദ്ദേഹം നൽകിയ മറുപടി യു.എ.ഇ ഭരണനേതൃത്വത്തെ ഏറെ സന്തോഷിപ്പിച്ചു.
‘ഏത് പ്രതിസന്ധിയെയും നേരിടാൻ ശേഷിയുള്ള ഭരണനേതൃത്വമാണ് യു.എ.ഇയെ നയിക്കുന്നത്. എനിക്ക് അവരിൽ പൂർണ വിശ്വാസമുണ്ട്. ഈ പ്രയാസമുള്ള ദിവസങ്ങൾ വിജയകരമായി മറികടക്കാൻ അവരുടെ നേതൃശേഷിക്കും ഇച്ഛാശക്തിക്കും കഴിയും. ഈ ഘട്ടത്തിൽ നമ്മൾ ഈ രാജ്യം വിട്ടുപോയാൽ അത് അവരെ വഞ്ചിക്കുന്നതിന് തുല്യമാവും. എന്ത് സംഭവിച്ചാലും ഞാൻ ഈ രാജ്യത്തിനൊപ്പമുണ്ടാകും. ഇവിടെ തന്നെ ബിസിനസ്സ് നടത്തും’, അതൊരു പ്രഖ്യാപനം കൂടിയായിരുന്നു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും രാജകുടുംബങ്ങൾക്ക് ഒരു വിദേശിയുടെ ഈ സമീപനം വലിയ ആവേശം നൽകി. യൂസഫലി എന്ന മലയാളിക്ക്, വ്യവസായിക്ക് ഇന്ന് ഗൾഫ് നാടുകളിലെ ഭരണാധികാരികൾ നൽകിവരുന്ന സ്‌നേഹത്തിനും ആദരവിനും അടിസ്ഥാനം പ്രതിസന്ധിഘട്ടത്തിൽ താൻ കുടിയേറിയ രാജ്യത്തോട് അദ്ദേഹം കാണിച്ച ആ പ്രതിബദ്ധത കൂടി ഒരു വലിയ ഘടകമായിട്ടുണ്ട്.
നിലവിലെ ആസ്തി
ഫോർബ്‌സ് പറയുന്നതനുസരിച്ച്, 2023 ജൂലൈ 29 വരെ യൂസഫലിയുടെ തത്സമയ ആസ്തി 5.6 ബില്യൺ യുഎസ് ഡോളറാണ്. ഇത് ഏകദേശം 46,060 കോടി രൂപയാണ്. നിലവിൽ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ 500-ാം സ്ഥാനത്താണ് അദ്ദേഹം. രാധാകിഷൻ ദമാനിക്ക് ശേഷം ഫാഷൻ, റീട്ടെയിൽ മേഖലകളിലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കോടീശ്വരൻ കൂടിയാണ് അദ്ദേഹം.
സഹജീവികളെ ചേർത്ത് പിടിക്കുന്ന ചാരിറ്റി
ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ പണം നൽകുന്ന വ്യക്തി കൂടിയാണ് എംഎ യൂസഫ് അലി. കോവിഡ് കാലത്ത്, പകർച്ചവ്യാധിക്കെതിരെ പോരാടാൻ അദ്ദേഹം 6.8 മില്യൺ ഡോളർ സംഭാവന നൽകി. കേരളത്തിൽ 1,400 കിടക്കകളുള്ള ഒരു ചികിത്സാ കേന്ദ്രവും യൂസഫ് നിർമ്മിക്കുകയും സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
പ്രവാസത്തിൻറെ ഗോൾഡൻ ജൂബിലി
പ്രവാസത്തിൻറെ ഗോൾഡൻ ജൂബിലി എംഎ യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. 50 വർഷത്തെ പ്രാവാസ ജീവിതത്തിന്റെ സ്മാരകമായി ഇന്നും അദ്ദേഹം നിധി പോലെ സൂക്ഷിക്കുന്ന തൻറെ ആദ്യത്തെ പാസ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ(Sheikh Mohammed bin Zayed Al Nahyan) അബുദാബിയിലെ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തത്.
ബോംബെ തുറമുഖത്ത് നിന്നും 26 ഡിസംബർ 1973ന് പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുൾപ്പെടെയുള്ള ഇമ്മിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച യൂസഫലിയുടെ പഴയ പാസ്പാർട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടത്.
ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ
വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്തും നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടീസ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിൻ്റെ വൈസ് ചെയർമാനായി യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദ്ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.
തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമർപ്പണത്തോടെയും അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വർഷം പിന്നിടുമ്പോൾ 46,060 കോടി രൂപയുടെ ആസ്തിയിൽ എത്തി നിൽക്കുന്നത്
+ There are no comments
Add yours