ഇസ്രായേൽ കരയിൽ ആക്രമണം ശക്തമാക്കുന്നതിനിടെ ഹൈഫയിൽ റോക്കറ്റ് വർഷിച്ച് ഹിസ്ബുള്ള

1 min read
Spread the love

ലെബനീസ് സൈനിക ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. വടക്കൻ ഇസ്രയേലിലെ ഹൈഫ പോർട്ട് സിറ്റിയെ ലക്ഷ്യം വെച്ച് 180 റോക്കറ്റുകൾ ഉപയോഗിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയതായാണ് ഇസ്രയേൽ സൈന്യം ആരോപിക്കുന്നത്. അതിർത്തിക്കു സമീപമുള്ള സ്‌കൂളുകൾ അടച്ചിടാനും ജനങ്ങൾ പുറത്ത് ഇറങ്ങുന്നത് പരിമിതപ്പെടുത്താനും ഇസ്രയേൽ സർക്കാർ നിർദേശം നൽകി.

അതേസമയം ഹസൻ നസ്‌റല്ലയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ലെബനൻ ഹിസ്ബുള്ളയിൽ നിന്ന് സ്വതന്ത്രരാകുകയാണെങ്കിൽ ഈ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നാൽ ഗാസയെ പോലെ തകർച്ച നേരിടേണ്ടി വരുമെന്നും ലെബനന് നെതന്യാഹു താക്കീത് നൽകി.

‘ ഇറാനും ഹിസ്ബുള്ളയും ചേർന്നാണ് ലെബനനെ കുഴപ്പത്തിലാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 8000 മിസൈലുകളാണ് ഇസ്രയേലിനെതിരെ ഹിസ്ബുള്ള പ്രയോഗിച്ചത്. ഇതിന് ഒരു അവസാനം കുറിക്കാൻ തന്നെയാണ് ഇസ്രയേലിന്റെ തീരുമാനം. പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്,’ വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.

അതേസമയം സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാൻ റെവലൂഷണറി ഗാർഡ്‌സും ഹിസ്ബുള്ളയും പ്രവർത്തിക്കുന്ന കെട്ടിടം ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. സാധാരണ ജനങ്ങൾക്കെതിരായ ഇസ്രയേൽ ആക്രമണം അപലപനീയമെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

You May Also Like

More From Author

+ There are no comments

Add yours