കോപ് 28 നാളെ സമാപിക്കും; ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമായില്ല

0 min read
Spread the love

ദുബായ്: കോപ് 28 ഉച്ചകോടിക്ക് ചൊവ്വാഴ്ച പരിസമാപ്തിയാകും. ആഗോളതാപനത്തിൻറെ കെടുതികളെ നേരിടുന്നതിന് യോജിച്ച നടപടികൾ സ്വീകരിക്കുന്ന ചർച്ച ത്വരിതഗതിയിലാക്കാൻ പ്രത്യേകയോഗം ചേർന്നു. ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക രാജ്യങ്ങൾക്ക് ഇനിയും സമവായത്തിൽ എത്താനായില്ല. കാലാവസ്ഥാ വ്യതിയാനം മറികടക്കാനുള്ള ചർച്ച വേഗത്തിലാക്കണമെന്ന് കോപ് 28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബിർ നിർദേശിച്ചു.

ഞായറാഴ്ച കോപ് വേദിയിൽ അറബ് പരമ്പരാഗത ശൈലിയിൽ വിളിച്ചു ചേർത്ത മജ്‌ലിസിൽ വിവിധ ലോക രാജ്യങ്ങളുടെ പ്രതിനിധികളോടാണ് അധ്യക്ഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും എന്നാൽ വേണ്ടത്ര വേഗതയിലല്ല മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടി വേദിയിലെ മറ്റു ചർച്ചകൾ പോലെ മാധ്യമങ്ങൾക്കും പ്രതിനിധികൾക്കും പ്രവേശനം നൽകാതെയാണ് മജ്‌ലിസ് നടന്നത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്ത് തീരുമാനം കൈക്കൊള്ളാൻ രാജ്യങ്ങൾ സന്നദ്ധമാകണമെന്ന് അൽ ജാബിർ യോഗത്തിൽ ആവശ്യപ്പെട്ടു.

വലിയ ഭിന്നത നിലനിൽക്കുന്നത് ഫോസിൽ ഇന്ധന വിഷയത്തിലാണ്. ഘട്ടം ഘട്ടമായി ഇത്തരം ഇന്ധനം നീക്കം ചെയ്യണമെന്ന് യൂറോപ്യൻ യൂനിയൻ പ്രതിനിധി ആവശ്യപ്പെട്ടു. സമാന അഭിപ്രായം പങ്കുവെക്കുന്ന രാജ്യങ്ങളും എതിർ വാദങ്ങളുള്ള രാജ്യങ്ങളും തമ്മിൽ ചില വിട്ടു വീഴ്ചകൾക്ക് തയ്യാറായതായും റിപ്പോർട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരിതങ്ങളിൽ ദരിദ്ര രാഷ്ട്രങ്ങൾക്ക് സാന്ത്വനം പകരുന്ന ചില വാർത്തകൾ കോപ് 28 അന്തിമ ഘട്ടത്തിൽ പുറത്തുവരുമെന്ന പ്രതീക്ഷയാണ് പരിസ്ഥിതി ഗ്രൂപ്പുകൾ പങ്കുവെക്കുന്നത്.

ഏറ്റവുംകൂടുതൽ കാർബൺ പുറന്തള്ളുന്ന യു.എസും ചൈനയും പോലുള്ള രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി കുറയ്ക്കുന്നതിന് പുനരുപയോഗ ഊർജം വികസിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളിൽ സഹകരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഊർജമേഖലയിൽ കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് നിർബന്ധിക്കരുതെന്ന നിലപാട് ആവർത്തിക്കുകയാണ് ഇന്ത്യ. കൽക്കരിയടക്കമുള്ള മേഖലകളിൽ നിന്ന് പൂർണമായും പിൻമാറുന്നതിന് നിർബന്ധിക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞ ദിവസം കോപ് 28 ഉച്ചകോടിയിൽ ആവശ്യപ്പെട്ടത്.

You May Also Like

More From Author

+ There are no comments

Add yours