ദുബായ്: സൗദി അൽഉല റോയൽ കമ്മീഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അബീർ അൽഅഖ്ൽ(Abeer AlAkel) നിയമിതയായി. നിലവിലെ സിഇഒ അംറ് ബിൻ സാലിഹ് അബ്ദുറഹ്‌മാൻ അൽമദനി(Amt bin Saleh Abdurrahman Almadani) അഴിമതിക്കേസിൽ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായതിനെ തുടർന്നാണ് പുതിയ നിയമനം.
അഴിമതി, അധികാര ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് അൽമദനി പ്രതിചേർക്കപ്പെട്ടത്. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. അൽമദനിക്ക് കൂടി ഉടമസ്ഥാവകാശമുള്ള നാഷണൽ ടാലന്റ്‌സ് കമ്പനിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് 207 മില്യൺ റിയാൽ (202 മില്യൺ ദിർഹം) മൂല്യം കണക്കാക്കി കരാർ നേടിയെന്നാണ് കണ്ടെത്തൽ. കിങ് അബ്ദുല്ല സിറ്റി ഫോർ ആറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയുടെ കരാർ ആണ് ഇങ്ങനെ അനധികൃതമായി നേടിയെടുത്തത്.
2017 മുതൽ അൽഉല റോയൽ കമ്മീഷനിൽ പ്രവർത്തിക്കുന്ന അബീർ അൽഅഖ്ൽ പുതിയ ചുമതല ഏറ്റെടുത്തു. അൽഉല റോയൽ അതോറിറ്റി സ്ട്രാറ്റജിക് ഡെലിവറി ഹെഡ്, സാബ് ബാങ്ക് ഐടി മാനേജർ, പിഡബ്ല്യുസി കമ്പനിയുടെ സീനിയർ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
+ There are no comments
Add yours