പടിഞ്ഞാറൻ അലാസ്കയിൽ നിന്ന് കാണാതായ യാത്രാവിമാനം കടലിൽ തകർന്നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. വെള്ളിയാഴ്ചയാണ് കടലിൽ വിമാനം കണ്ടെത്തിയത്. വിമാനത്തിനായി യു.എസ് കോസ്റ്റ്ഗാർഡ് ഹെലികോപ്ടറുകൾ ഉൾപ്പടെ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.37ഓടെയാണ് വിമാനം യാത്ര തുടങ്ങിയത്. ഒമ്പത് യാത്രക്കാരും പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്ര തുടങ്ങി ഒരു മണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. നോമിൽ നിന്നും 48 കിലോമീറ്റർ തെക്ക്-കിഴക്കായാണ് വിമാനം കാണാതായത്.
തീരത്ത് നിന്ന് 19 കിലോ മീറ്റർ അകലെയാണ് വിമാനം കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളാണ് ഇപ്പോൾ വിമാനത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. മറ്റ് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യു.എസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. കഴിഞ്ഞ ദിവസം വിമാനം കാണാതായത് മുതൽ തന്നെ തെരച്ചിലുമായി കോസ്റ്റ്ഗാർഡ് രംഗത്തെത്തിയിരുന്നു. എന്നാൽ, ദുർഘടമായ കാലാവസ്ഥയാണ് വെല്ലുവിളിയാവുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അലാസ്കയിൽ എയർ ടാക്സി, വിമാന അപകടങ്ങളുടെ എണ്ണം കൂടുന്നുവെന്ന് യു.എസ് സർക്കാരിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വ്യക്തമാക്കിയിരുന്നു. പർവതപ്രദേശങ്ങളും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും നിറഞ്ഞ പ്രദേശമാണ് അലാസ്ക. പല ഗ്രാമങ്ങളും റോഡുകളിലൂടെ ബന്ധിപ്പിക്കാത്തതിനാൽ ആളുകളെയും സാധനങ്ങളെയും കൊണ്ടുപോകാൻ ചെറിയ വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
+ There are no comments
Add yours