അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

1 min read
Spread the love

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം അപകടത്തിൽപെട്ടതിന്റെ പ്രധാന കാരണം വൈദ്യുതി സംവിധാനം നിലച്ചതാണെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമൻ്റെ മറുപടി.

സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാൾ ഇത് നിരീക്ഷിക്കുകയായിരുന്നു. സബർവാൾ ബോയിംഗ് 787 വിമാനം 8600 മണിക്കൂർ പറത്തിയ പൈലറ്റാണ്. കുന്ദർ 1,100 മണിക്കൂർ വിമാനം പറത്തിയ പരിചയമുള്ളയാളുമായിരുന്നു. സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ വിശദമായ അന്വേഷണം ആവശ്യമെന്ന് റിപ്പോർട്ട് പറയുന്നു.

അപകട സമയത്ത് വിമാനത്തിൽ 230 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേർ ബിസിനസ് ക്ലാസിലും 215 പേർ ഇക്കോണമി ക്ലാസിലുമായിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടത്.

അന്വേഷണത്തിലെ നിർണായക കണ്ടെത്തലുകൾ:

അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിന്റെ അപകടകാരണം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) പുറത്തുവിട്ട റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.

വിമാനത്തിന്റെ കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൽ (CVR) ഒരു പൈലറ്റ്, “എന്തിനാണ് എൻജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്?” എന്ന് ചോദിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് മറുപടിയായി രണ്ടാമത്തെ പൈലറ്റ് “ഞാനങ്ങനെ ചെയ്തിട്ടില്ല” എന്ന് പറയുന്നു. ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നടക്കുക.

ടേക്ക് ഓഫിനു മുൻപ് രണ്ട് എൻജിനുകളും ശരിയായി പ്രവർത്തിച്ചിരുന്നിട്ടും, പറന്നുയർന്നതിന് നിമിഷങ്ങൾക്കകം രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്യപ്പെട്ടു. ഈ സ്വിച്ചുകൾ മാനുവലായി പ്രവർത്തിപ്പിച്ചാൽ മാത്രമേ ‘റൺ’ പൊസിഷനിൽ നിന്ന് ‘ഓഫ്’ പൊസിഷനിലേക്ക് മാറൂ. ഇടതുവശത്താണ് ഒന്നാമത്തെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഉള്ളത്. വലതുവശത്താണ് രണ്ടാമത്തെ എൻജിന്റെ സ്വിച്ച്.

സ്വിച്ചുകൾ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ട് പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കൻഡുകൾ കഴിഞ്ഞ് ഒന്നാം എൻജിന്റെയും നാല് സെക്കൻഡുകൾ കഴിഞ്ഞ് രണ്ടാമത്തെ എൻജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും, കുതിച്ചുയരാനാകാതെ വിമാനം തകർന്നു വീഴുകയായിരുന്നു.

വീണ്ടും ഓണാക്കിയ എൻജിൻ പ്രവർത്തന സജ്ജമാകാൻ രണ്ട് മിനിറ്റിലേറെ സമയമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിമാനം പറന്നുയർന്ന ഉടൻ തന്നെ റാം എയർ ടർബൈൻ (RAT) പുറത്തെത്തി. എൻജിനുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പൈലറ്റിന് ഇത് ഓൺ ചെയ്യാൻ സാധിക്കും. റാറ്റ് പുറത്തുവന്നതായി സിസിടിവി ദൃശ്യങ്ങളിലുണ്ട്.

You May Also Like

More From Author

+ There are no comments

Add yours