10,000-ത്തിലധികം ജീവനക്കാർ പണിമുടക്കി; എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ച് എയർ കാനഡ

1 min read
Spread the love

10,000-ത്തിലധികം ഫ്ലൈറ്റ് അറ്റൻഡന്റുകൾ പണിമുടക്കിയതിനെത്തുടർന്ന് എയർ കാനഡ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ശനിയാഴ്ച രാവിലെ മുതൽ ജീവനക്കാർ പണിമുടക്കിയതിനെ തുടരുന്ന ലോകമെമ്പാടുമുള്ള യാത്രക്കാരെ സമരം ബാധിച്ചു. പലരുടെയും യാത്ര മുടങ്ങുകയും ചിലർക്ക് യാത്ര നീട്ടിവെക്കേണ്ടിവന്നു. പലരും വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്. ജീവനക്കാരും എയർ കാനഡ കമ്പനിയും തമ്മിൽ വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കരാറിലെത്താനുള്ള സമയപരിധി കഴിഞ്ഞതിനെത്തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്.

ദിവസങ്ങൾ കാത്തിരുന്നിട്ടും മുന്നറിയിപ്പ് നൽകിയിട്ടും ഒരു കരാറിലും എത്താത്തതിനെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചതെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് വക്താവ് ഹ്യൂ പൗലിയറ്റ് സ്ഥിരീകരിച്ചു. കാനഡയിലെ ഏറ്റവും വലിയ എയർലൈനും അതിന്റെ 10,000 ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള കടുത്ത കരാർ പോരാട്ടം വെള്ളിയാഴ്ചയാണ് രൂക്ഷമായത്. പിന്നാലെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയായിരുന്നു.

ഫെഡറൽ ജോബ്സ് മന്ത്രി പാറ്റി ഹജ്ഡു വെള്ളിയാഴ്ച രാത്രി എയർലൈനുമായും യൂണിയനുമായും കൂടിക്കാഴ്ച നടത്തി. സർക്കാർ നിർദ്ദേശിച്ച മധ്യസ്ഥതയിൽ ഏർപ്പെടാനുള്ള എയർലൈനിന്റെ അഭ്യർത്ഥന യൂണിയൻ നിരസിച്ചു. തുടർന്ന് ശനിയാഴ്ച പുലർച്ചെ 1 മണിയോടെ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ജോലിയിൽ നിന്ന് ഇറങ്ങിപ്പോയി. എയർ കാനഡയും കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസും ഏകദേശം എട്ട് മാസമായി കരാർ ചർച്ചകളിലായിരുന്നു. പക്ഷേ ഇതുവരെ ഒരു താൽക്കാലിക കരാറിൽ എത്തിയിട്ടില്ല.

You May Also Like

More From Author

+ There are no comments

Add yours