യു.എ.ഇ: യു.എ.ഇയിലെ ഖോർഫക്കാനി(Khorfakkan)ലെ ഒരു സ്വർണ്ണാഭരണ കടയിൽ വൻ കവർച്ച. മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പ്രതികളെ കയ്യോടെ പിടിച്ചു.
ഖോർഫക്കാനിലെ ഒരു കടയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് അതോറിറ്റി അന്വേഷണം ആരംഭിച്ചത്. 800,000 ദിർഹം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കടയിൽ നിന്ന് രാത്രി ഏറെ വൈകിയാണ് മോഷ്ടാക്കൾ ആഭരണങ്ങൾ കവർന്നത്. വിവരം ലഭിച്ച ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഷാർജ പോലീസ് തെളിവെടുപ്പിനും അന്വേഷണത്തിനും ഒരു സംഘം രൂപീകരിച്ചു.
ഈ സംഘം മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിലാണ് പ്രതികളെ പിടിച്ചത്. മോഷണം പോയ ആഭരണങ്ങൾ അടുത്ത ദിവസം രാവിലെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്നു. ഷിപ്പിംഗ് കണ്ടെയ്നറിൽ വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. നിയമനടപടികൾക്കായി കേസ് പ്രോസിക്യൂഷന് കൈമാറി.
വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളോട് അവരുടെ സ്റ്റോറുകൾ സുരക്ഷിതമാക്കാനും നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാനും ഷാർജ പോലീസ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ 999 എന്ന എമർജൻസി നമ്പർ ഉപയോഗിക്കാൻ മടിക്കരുതെന്നും അവർ വ്യക്തികളോടും ഉടമകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
+ There are no comments
Add yours