പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇമിഗ്രേഷൻ അജണ്ടയുടെ ഭാഗമായി അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം ഇന്ത്യയുടെ വടക്കൻ നഗരമായ അമൃത്‌സറിൽ ഇറങ്ങി.
സ്വപ്നഭൂമി തേടിപ്പോയവർ തിരിച്ചെത്തിയതു കൊടുംകുറ്റവാളികളെപ്പോലെ കയ്യിലും കാലിലും വിലങ്ങുകളുമായി. അപമാനിതരായി തിരിച്ചെത്തിയ സംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ട്.
അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റത്തിന്റെ പേരിൽ നാടുകടത്തിയ ഇന്ത്യക്കാരുടെ കൈകാലുകൾ വിമാനയാത്രയിൽ ഉടനീളം ബന്ധിച്ചിരുന്നു. 104 പേരുമായെത്തിയ സൈനിക വിമാനം അമൃത്‌സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് വിലങ്ങഴിച്ചത്.
അതേസമയം പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രംപ് ഭരണകൂടം, വരുംദിവസങ്ങളിൽ കൂടുതൽ പേരെ നാടുകടത്തുമെന്നും വിവരമുണ്ട്. ബുധനാഴ്ച അമൃത്‌സറിൽ എത്തിയവരിൽ 33 പേർ ഹരിയാന, ഗുജറാത്ത് സ്വദേശികളാണ്. 30 പേർ പഞ്ചാബ് സ്വദേശികളും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവടങ്ങളിൽനിന്നുള്ള മൂന്ന് വീതം പേരും ഛണ്ഡീഗഡിൽ നിന്നുള്ള ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്. തിരിച്ചെത്തിയവരിൽ 19 വനിതകളാണുള്ളത്. ഒരു നാല് വയസ്സുകാരനും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത 13 പേരുമുണ്ട്.
+ There are no comments
Add yours