വാഷിങ്ടൺ: യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. തിങ്കളാഴ്ച രാത്രി 10ന് വാഷിങ്ടൺ ഡി.സിയിലെ യു.എസ് കാപിറ്റോളിൽ 47ാമത് പ്രസിഡന്റായി ട്രംപും വൈസ് പ്രസിഡന്റായി ജെ.ഡി വാൻസും ചുമതലയേൽക്കും. കാലാവസ്ഥ അതിശൈത്യമായതിനാൽ അടച്ചിട്ട വേദിയിലാകും സത്യപ്രതിജ്ഞ. പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് പുറത്തെ വേദിയിൽനിന്ന് ചടങ്ങുകൾ മാറ്റുന്നത്. സത്യപ്രതിജ്ഞക്കുശേഷം ട്രംപ് പുറത്ത് ആഘോഷങ്ങളുടെ ഭാഗമാകും. ട്രംപും കുടുംബവും പാർട്ടി അനുഭാവികളും രാഷ്ട്രീയ സഖ്യകക്ഷി നേതാക്കളുമടക്കം വൻനിര തന്നെ വാഷിങ്ടണിലെത്തിയിട്ടുണ്ട്.
നവംബറിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കൻ പ്രതിനിധിയായി ട്രംപ് വീണ്ടും അമേരിക്കയിൽ അധികാരത്തിലെത്തിയത്. വൈറ്റ്ഹൗസിനു സമീപം സെന്റ് ജോൺസ് എപിസ്കോപൽ ചർച്ചിലെ കുർബാനയോടെയാകും ചടങ്ങുകൾക്ക് തുടക്കം. തൊട്ടുപിറകെ വൈറ്റ്ഹൗസിൽ ചായ സൽക്കാരവും അതുകഴിഞ്ഞ് കാപിറ്റോളിൽ സത്യപ്രതിജ്ഞയും. ചുമതലയേറ്റ് ഉദ്ഘാടന പ്രഭാഷണം നിർവഹിക്കും. സെനറ്റ് ചേംബറിനോടുചേർന്ന് പ്രസിഡന്റിന്റെ മുറിയിലെത്തി ഒപ്പുവെച്ചശേഷം പ്രസിഡന്റിന്റെ പരേഡും നടക്കും.
ഫ്ലോറിഡയിലെ വെസ്റ്റ് പാമിൽനിന്ന് സ്പെഷൽ എയർ മിഷൻ 47 വിമാനത്തിൽ ഭാര്യ മെലാനിയ, മകൻ ബാരൺ എന്നിവർക്കൊപ്പമാണ് ട്രംപ് വാഷിങ്ടണിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിന്റെ ഭാഗമായി അധികാരമേറിയ ആദ്യ ദിവസം 100ലേറെ ഉത്തരവുകളിൽ ട്രംപ് ഒപ്പുവെക്കും. യു.എസ് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലാതെ നടപ്പാക്കാവുന്നവയാകും ഇവ.
ട്രംപിന്റെ അധികാരാരോഹണത്തിന് സാക്ഷിയാകാൻ ഇന്ത്യയിൽനിന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, റിലയൻസ് മേധാവി മുകേഷ് അംബാനി എന്നിവർ എത്തിയിട്ടുണ്ട്.
+ There are no comments
Add yours