മഞ്ഞുവീഴ്ച, തണുത്തുറ‍ഞ്ഞ താപനില, പൊടികാറ്റ്, മഴ – സൗദി അറേബ്യയിൽ കാലാവസ്ഥാ മുന്നറിയിപ്പ്

1 min read
Spread the love

റിയാദ്: വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും പ്രതികൂല കാലാവസ്ഥ തുടരുമെന്നും ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ താപനിലയും ഉണ്ടാകുമെന്നും സൗദി അറേബ്യയിലെ കാലാവസ്ഥ വിഭാ​ഗം അധികൃതർ അറിയിച്ചു.

താഴ്ന്ന താപനിലയിൽ നേരിയതോ മിതമായതോ ആയ മഴ, പൊടി നിറഞ്ഞ ഉപരിതല കാറ്റ്, ഉയർന്ന തിരമാലകൾ എന്നിവയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച വരെ അസീർ മേഖലയിൽ നേരിയ മഴയും ജസാൻ, അൽ-ബഹ മേഖലകളിൽ നേരിയ തോതിൽ മിതമായ മഴയും പ്രതീക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ചു. തായിഫ്, മെയ്സാൻ, അദം, അൽ-അർദിയാത്ത് എന്നിവിടങ്ങളിൽ വ്യാഴാഴ്ച വരെ നേരിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ തബൂക്ക്, ഹഫ്ർ അൽ-ബാറ്റിൻ, അൽ-ഖഫ്ജി, അൽ-ഈസ്, അൽഉല, യാൻബു, ഖൈബർ എന്നിവിടങ്ങളിലും വടക്കൻ അതിർത്തികളിലും അൽ-ജൗഫിലും ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

തബൂക്ക്, മദീന, മക്ക, അൽ-ജൗഫ്, വടക്കൻ അതിർത്തികളിൽ മണിക്കൂറിൽ 45 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ പൊടി ഉയർത്തുന്ന ഉപരിതല കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. റിയാദ്, ഖാസിം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലും മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ തബൂക്ക്, മദീന, മക്ക, അസീർ, ജസാൻ മേഖലകളിലെ തീരപ്രദേശങ്ങളിൽ 2.5 മീറ്ററിലധികം ഉയരത്തിലുള്ള തിരമാലകൾ പ്രതീക്ഷിക്കുന്നതായി കേന്ദ്രം അറിയിച്ചു.

അതേസമയം, തബൂക്കിലെ അൽമണ്ട് മൗണ്ടൻ, അലഖാൻ, അൽ-ദഹർ എന്നീ പേരുകളിലും അറിയപ്പെടുന്ന ജബൽ അൽ-ലൗസിലും അൽ-ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം.

ബുധൻ മുതൽ വെള്ളി വരെ തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, അൽഉല, ഖൈബർ എന്നിവിടങ്ങളിൽ താപനില 5 ഡിഗ്രി സെൽഷ്യസിനും താഴെയാകുമെന്നാണ് സൂചന.

ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾക്കായുള്ള മുൻകൂർ മുന്നറിയിപ്പ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ആപ്പുകൾ എന്നിവയിലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ഓൺലൈനായി പരിശോധിക്കാനും അധികാരികൾ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും ശ്രദ്ധിക്കാനും പാലിക്കാനും കേന്ദ്രം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

You May Also Like

More From Author

+ There are no comments

Add yours