ദുബായ്: മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനായി ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (DEWA) തമ്മിൽ പുതിയ കരാർ ഒപ്പിട്ടു. എക്സ്‌പോ സിറ്റിയിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായാണ് പുതിയ കരാറുണ്ടാക്കിയത്.
ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ-ജനറൽ ദാവൂദ് അൽ ഹജ്രി(Dawood Al Hajri), ദേവ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സഈദ് മുഹമ്മദ് അൽ തായർ(Saeed Muhammad Al Tayer) എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
മുഹൈസിന അഞ്ചിലെ മാലിന്യക്കൂമ്പാരത്തിൽനിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്ന ജൈവവാതകത്തിൽനിന്നാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. പുതിയ പദ്ധതിയിലൂടെ പ്രതിവർഷം മൂന്ന് ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കുമെന്ന് ദാവൂദ് അൽ ഹജ്രി പറഞ്ഞു.
മാലിന്യസംസ്കരണ നടപടികൾ കാര്യക്ഷമമാക്കാനും പുനരുപയോഗ സ്രോതസ്സുകൾ വർധിപ്പിക്കാനും സാധിക്കുന്ന പുതിയ മാർഗങ്ങൾ വികസിപ്പിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ പദ്ധതികൾക്ക് അനുസൃതമാണ് പുതിയ കരാർ.
2050-ഓടെ ശുദ്ധ ഊർജസ്രോതസ്സുകളിൽനിന്ന് 100 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ നൽകുന്ന ദീർഘകാലപദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും അൽ തായർ വ്യക്തമാക്കി.
+ There are no comments
Add yours