അമേരിക്ക ഷട്ട്ഡൗൺ; ട്രംപ് സർക്കാർ സ്തംഭനത്തിൽ

1 min read
Spread the love

വാഷിങ്ടൺ: യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടിനുള്ള ബിൽ പാസാകാതെ വന്നതോടെ ട്രംപ് സർക്കാരിന്റെ പ്രവർത്തനം സ്തംഭനത്തിലേക്ക് എത്തിയിരിക്കുകയാണ്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും എതിർപക്ഷമായ ഡെമോക്രാറ്റുകളും തമ്മിൽ കോൺഗ്രസിൽ സമയവായത്തിലെത്താൻ പറ്റാതായതോടെയാണ് സർക്കാർ ഷട്ട്ഡൗണിലേക്ക് എത്തിയത്. യുഎസിൽ ഇന്ന് സാമ്പത്തികവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ ഫണ്ട് അനുവദിക്കാൻ കോൺഗ്രസിന് കഴിയാതെ വന്നതാണ് തിരിച്ചടിയായത്.

രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിന്റെ വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് തടയിടാൻ വിസമ്മതിച്ചതാണ് സർക്കാരിനെ അടച്ചുപൂട്ടലിലേക്ക് എത്തിച്ചതെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കുറ്റപ്പെടുത്തി മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് എക്സിൽ കുറിച്ചത്.

ആറ് വർഷത്തിനിടയിലെ ആദ്യത്തെ അടച്ചുപൂട്ടലിലേക്കാണ് അമേരിക്കൻ സർക്കാർ നീങ്ങിയിരിക്കുന്നത്. ഇതിന് മുമ്പ് പലതവണ യുഎസിൽ സർക്കാർ ഷട്ട്ഡൗൺ വന്നിരുന്നു. 2018-ൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം അധികാരത്തിലെത്തിയപ്പോഴാണ് ഫെഡറൽ സർക്കാർ ദൈർഘ്യമേറിയ അടച്ചുപൂട്ടൽ നേരിട്ടത്. 2018 ഡിസംബറിൽ ആരംഭിച്ച ഷട്ട്ഡൗൺ 35 ദിവസം നീണ്ടു. സർക്കാർ പ്രതിസന്ധി വിവിധ ഏജൻസികളിലെ 800,000 ഫെഡറൽ ജീവനക്കാരിൽ 340,000 പേരെ പിരിച്ചുവിട്ടിരുന്നു.

ഷട്ട്ഡൗണിൽ സർക്കാർ ഏജൻസികൾ അത്യാവശ്യമല്ലാത്ത എല്ലാ സേവനങ്ങളും നിർത്തും. പാസ്പോർട്ട് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് മുതൽ സൈനികരുടെ ശമ്പളത്തെ വരെ ഇത് ബാധിക്കും. രാജ്യത്തെ സർക്കാർ സേവനങ്ങൾ നടക്കുമെങ്കിലും കൂടുതൽ കാലതാമസം നേരിട്ടേക്കാം. എന്നാൽ സ്വന്തമായി പ്രവർത്തിക്കുന്ന യുഎസ് പോസ്റ്റൽ സർവീസ് പതിവുപോലെ പ്രവർത്തിക്കും. ബ്രൂക്കിങ്‌സ് ഇൻസ്റ്റിറ്റിയൂഷന്റെ കണക്കനുസരിച്ച് ഫെഡറൽ ജീവനക്കാരിൽ ഏകദേശം 25 ശതമാനം പേരെയും ഷട്ട്ഡൗൺ ബാധിക്കും. ചില ജീവനക്കാരെ പിരിച്ചുവിടും, എന്നാൽ പൊലീസ്, ആംബുലൻസ് ജീവനക്കർ, എയർ ട്രാഫിക് കൺട്രോളർമാർ തുടങ്ങിയ അവശ്യ സർവീസിലുള്ളവർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരും.

2019 ലെ ഗവൺമെന്റ് എംപ്ലോയി ഫെയർ ട്രീറ്റ്‌മെന്റ് ആക്ട് പ്രകാരം, ഒരു കരാറിലെത്തുമ്പോൾ അവർക്ക് നഷ്ടമായ വേതനം തിരികെ ലഭിക്കും. മിക്ക രാജ്യങ്ങളിലും, ബജറ്റ് വോട്ടുകൾ സർക്കാരിന്റെ തന്നെ വിശ്വാസ വോട്ടോടെ നടക്കുമ്പോൾ യുഎസിൽ ഇത് വ്യത്യസ്തമാണ്.

സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

ഷട്ട്ഡൗൺ എത്ര കാലം നീണ്ടുനിൽക്കും എന്നതിനെ അപേക്ഷിച്ചിരിക്കും സാമ്പത്തിക മേഖലയിലെ മാറ്റം. മുൻകാലങ്ങളിൽ, ഇത്തരം സ്തംഭനങ്ങൾ കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു. മിക്കവാറും എല്ലാ നഷ്ടങ്ങളും ഷട്ട്ഡൗൺ അവസാനിച്ച് മാസങ്ങൾകൊണ്ട് നികത്തപ്പെട്ടു. ഇത്തവണത്തെ ഷട്ട്ഡൗൺ നീണ്ടുനിൽക്കുന്ന ഓരോ ആഴ്ചയും സാമ്പത്തിക വളർച്ചയിൽ ഏകദേശം 0.1 മുതൽ 0.2 ശതമാനം വരെ പോയിന്റുകൾ കുറയ്ക്കുമെന്ന് വിദഗ്ധർ കണക്കാക്കുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും തിരിച്ചുപിടിക്കാൻ കഴിയും.

പല മേഖലകളിലും പിരിച്ചുവിടൽ ഉണ്ടായേക്കുമെന്ന സൂചന ട്രംപ് നൽകുമ്പോൾ, താരിഫുകൾ, കൃത്രിമബുദ്ധി തുടങ്ങിയ മാറ്റങ്ങൾ കൊണ്ട് ഇതിനകം തന്നെ തകർന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയിൽ പുതിയ സാഹചര്യം കൂടുതൽ പ്രതിസന്ധിക്കിടയാക്കാൻ സാധ്യയുണ്ടെന്നാണ് വിദഗ്ധ വിലയിരുത്തൽ.

You May Also Like

More From Author

+ There are no comments

Add yours