ലോക റെക്കോർഡ് തീർത്ത് ഡ്രോണുകൾ, വെടിക്കെട്ടുകൾ; 2025-നെ സ്വാഗതം ചെയ്ത് യുഎഇ

1 min read
Spread the love

ഏഴ് എമിറേറ്റുകളിലുടനീളമുള്ള 60-ലധികം സ്ഥലങ്ങളിൽ നിന്നുള്ള പടക്കങ്ങൾ, 10,000-ലധികം ഡ്രോണുകൾ, ഒന്നിലധികം ലോക റെക്കോർഡുകൾ എന്നിവ 2025 ലെ പുതുവർഷത്തിൻ്റെ ആദ്യ കുറച്ച് മിനിറ്റുകളിൽ യുഎഇയിൽ പ്രകാശിക്കുന്നു. അബുദാബിയുടെ നിർത്താതെയുള്ള 53 മിനിറ്റ് വെടിക്കെട്ട് പ്രദർശനമായാലും, ദുബായിലെ 45 ഏരിയൽ പൈറോ ടെക്നിക്കുകളായാലും, റാസൽഖൈമയിലെ ഏറ്റവും ദൈർഘ്യമേറിയ ലേസർ ഡ്രോൺ പ്രദർശനമായാലും, യു.എ.ഇ 2025-ലേക്ക് കുതിക്കുന്നു.

അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ പ്രധാന ആഘോഷ മേഖലകളിൽ മാധ്യമപ്രവർത്തകരും മൾട്ടിമീഡിയ ജേണലിസ്റ്റുകളും യുഎഇയുടെ പുതുവത്സരാഘോഷം ലൈവായി പകർത്തി.

ക്ലോക്കിൽ 12ന് 10 സെക്കൻഡ് മുൻപുള്ള ഓരോ നിമിഷങ്ങളും ജനം ഒന്നിച്ചെണ്ണി പുതുവർഷത്തെ സ്വാഗതം ചെയ്തു. അഗ്നിപുഷ്പങ്ങൾകൊണ്ട് ആകാശത്ത് ഹാപ്പി ന്യൂ ഇയർ എഴുതിയാണ് പുതുവർഷത്തെ വരവേറ്റത്.

സംഗീതത്തിന്റെ താളത്തിന് അനുസരിച്ച് ആകാശത്ത് അഗ്നിപുഷ്പങ്ങൾ നൃത്തം ചെയ്തു. മേഖല ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളാണ് വെടിക്കെട്ടിലൂടെ സമ്മാനിച്ചത്. റെക്കോർഡ് പ്രകടനം കാണാൻ തണുപ്പും മഞ്ഞും അവഗണിച്ച് വിവിധ കേന്ദ്രങ്ങളിൽ ജനലക്ഷങ്ങളാണ് എത്തിയത്.

വിവിധ എമിറേറ്റുകളിൽ നിന്നുള്ളവർ കുടുംബസമേതം നേരത്തെ തന്നെ സ്ഥലത്തെത്തി. പലരും മണിക്കൂറുകൾ എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.

ജനം തിങ്ങി നിറഞ്ഞതോടെ ഫെസ്റ്റിവൽ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം തിരിച്ചുവിട്ടു. ഗതാഗതക്കുരുക്കിൽപെട്ട് മുന്നോട്ടു നീങ്ങാനാകാതെ ആയിരക്കണക്കിന് ആളുകൾ താഴ്‍വാരത്തിലും സമീപ പ്രദേശങ്ങളിലെ റോഡിലും മരുഭൂമിയിലും നിന്നും വാഹനത്തിലിരുന്നുമാണ് റെക്കോർഡ് വെടിക്കെട്ട് ആസ്വദിച്ചത്. ഉയർന്ന പ്രദേശമായ അൽവത്ബയിലെ വെടിക്കെട്ട് കിലോമീറ്ററുകളോളം അകലെ നിന്നുവരെ കാണാമായിരുന്നു. അബുദാബി കോർണിഷ്, എമിറേറ്റ്സ് പാലസ്, യാസ് മറീന, അൽ മർയ ഐലൻഡ്, ഹസ്സ ബിൻ സായിദ് സ്റ്റേഡിയം അൽഐൻ, അൽ ദഫ്റ ഫെസ്റ്റിവൽ, മദീനാ സായിദ് എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട് കാണാൻ ആയിരങ്ങൾ എത്തി.

കിലോമീറ്റർ നീളത്തിൽ 15 മിനിറ്റ് വെടിക്കെട്ട് ഒരുക്കി റാസൽഖൈമയും പുതുവർഷാഘോഷം ഗംഭീരമാക്കി. അൽമർജാൻ ഐലൻഡിലെ വെടിക്കെട്ടു കാണാൻ ആറ് ഇടങ്ങളിലായാണ് സൗകര്യമൊരുക്കിയത്. ദുബായിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ 9 മിനിറ്റ് നീളുന്ന വെടിക്കെട്ട് കാണാനും വൻ ജനാവലി എത്തി.

You May Also Like

More From Author

+ There are no comments

Add yours