അബുദാബി: സ്വദേശിവത്കണ നിയമങ്ങൾ ലംഘിച്ച സ്വകാര്യ മേഖലയിലെ 916 കമ്പനികൾക്ക് പിഴ ചുമത്തിയതായി യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. 2022 ജൂലൈ മുതലാണ് നടപടികൾ സ്വീകരിച്ചുതുടങ്ങിയത്. ഈ കമ്പനികൾ മൊത്തം 1,411 എമിറേറ്റികളെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്.
അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യമേഖലാ കമ്പനികൾ 2023 പൂർത്തിയാവുമ്പോൾ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഇതിനുള്ള സമയപരിധി ഈ മാസം അവസാനിക്കുകയാണ്. ഈ വിഭാഗത്തിൽ വരുന്ന കമ്പനികൾ നിയമം പാലിച്ചില്ലെങ്കിൽ വരുന്ന ജനുവരി മുതലാണ് പിഴ ചുമത്തുക.
രണ്ട് ശതമാനം ഇമാറാത്തികളെ വൈദഗ്ധ്യമുള്ള ജോലികളിൽ ഉൾപ്പെടുത്തി സ്വകാര്യമേഖലാ സ്ഥാപനങ്ങൾ പിഴശിക്ഷയിൽ നിന്ന് ഒഴിവാകണമെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം ഓർമിപ്പിച്ചിരുന്നു. സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് മുന്നറിയിപ്പ് നൽകിയത്.
സ്വദേശിവത്കണ ലക്ഷ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവുമെന്ന് മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യമേഖലയിൽ യുഎഇ പൗരന്മാരുടെ തൊഴിൽ വർധിപ്പിക്കുന്നതിനായി യുഎഇ സർക്കാർ ആരംഭിച്ച എമിറേറ്റൈസേഷൻ പദ്ധതിയിൽ നിന്ന് ഫ്രീ സോൺ കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്.
+ There are no comments
Add yours