ടെൽഅവീവ്: സിറിയയുടെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും വേണ്ടിയുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ഗോലാൻ കുന്നുകളിലെ ബഫർ സോൺ ഇസ്രായേൽ സൈന്യം പിടിച്ചെടുത്തതിനെ യു.എ.ഇ ശക്തമായി അപലപിച്ചു. വിമതർ രാജ്യം പിടിച്ചടക്കിയതോടെ 1974ൽ സിറിയയുമായുണ്ടാക്കിയ ഉടമ്പടി തകർന്നെന്നു വ്യക്തമാക്കിയാണ് ഇസ്രയേൽ സൈന്യം ഈ പ്രദേശം പിടിച്ചെടുത്തത്.
വിമതർ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ സിറിയയിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി. ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ടു തകർക്കുകയും ഗോലാൻ കുന്നുകളിലെ സിറിയൻ നിയന്ത്രിത പ്രദേശം ഇസ്രയേൽ പിടിച്ചെടുക്കുകയും ചെയ്തു. ഗോലാൻ കുന്നുകളിലെ ബഫർ സോൺ നിയന്ത്രണം താത്കാലികമായി ഏറ്റെടുത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
ഗോലാൻ കുന്നുകളുടെ ഇസ്രയേൽ അധിനിവേശ ഭാഗത്തുനിന്ന് ബഫർ സോണിലേക്കും സമീപത്തുള്ള കമാൻഡിങ് പൊസിഷനുകളിലേക്കും പ്രവേശിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയോട് (ഐഡിഎഫ്) ഉത്തരവിട്ടെന്നും ഒരു ശത്രുവിനെയും അതിർത്തിയിൽ നിലയുറപ്പിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു അറിയിച്ചു.
നിയന്ത്രണത്തിലായ ഗ്രാമങ്ങളിലെ ജനങ്ങളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്ന് ഐഡിഎഫ് നിർദേശിച്ചു. സിറിയൻ തലസ്ഥാനം ഡമാസ്‌കസിനു തെക്കുപടിഞ്ഞാറ് 60 കിലോമീറ്റർ അകലെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ പീഠഭൂമിയാണ് ഗോലാൻ കുന്നുകൾ. 1967ൽ ഇസ്രായേൽ ഗോലാൻ കുന്നുകളുടെ ഒരു ഭാഗം പിടിച്ചെടുത്തിരുന്നു. 1981ൽ അതു കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.
+ There are no comments
Add yours