“രാജ്യത്തിന്റെ ഭാവിയാണ് നിങ്ങൾ”; 10 ലക്ഷത്തിലധികം വിദ്യാർത്ഥികളെ വരവേറ്റ് യുഎഇയിലെ സ്കൂളുകൾ – അധ്യായന വർഷത്തെ സ്വാ​ഗതം ചെയ്യ്തത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ പ്രത്യേക ശബ്ദ സന്ദേശം

1 min read
Spread the love

“എല്ലാവർക്കും വിജയകരമായ ഒരു വർഷം നേരുന്നു. രാജ്യത്തിന്റെ ഭാവിയാണ് നിങ്ങൾ. നിങ്ങളിലൂടെയാണ് ഈ രാജ്യം ഇനി കൂടുതൽ വളരാൻ പോകുന്നത്”….
ആഗസ്റ്റ് 27 നാണ് യുഎഇയിൽ പുതിയ അധ്യായന വർഷം ആരംഭിച്ചത്. സ്കൂളുകളിലേക്ക് എത്തിയ കുരുന്നുകളെ വരവേറ്റത് യുഎഇ പ്രസിഡന്റ്
ഷെയ്ഖ് മുഹമ്മദിന്റെ പ്രത്യേക ശബ്ദ സന്ദേശം ആയിരുന്നു. ആ സന്ദേശത്തിലാണ് നിങ്ങളാണ് യുഎഇയുടെ ഭാവി എന്ന് അദ്ദേഹം പരാമർശിച്ചത്.

ലോകത്ത് മറ്റൊരു രാജ്യത്തും സ്കൂളുകൾ ഇതുപോലെ കുരുന്നുകളെ വരവേറ്റിട്ടുണ്ടാവില്ല. ഇതുപോലെ ഒരു അധ്യായന വർഷത്തിനു വേണ്ടി ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടാവില്ല. കുട്ടികളെയും രക്ഷിതാക്കളെയും മാത്രമല്ല ആ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബോധവൽക്കരിച്ചു കൊണ്ടാണ് എമിറേറ്റ് പുതിയൊരു അധ്യായന വർഷത്തിന് തുടക്കം കുറിച്ചത്.

വിദ്യാർത്ഥികളെ സുരക്ഷിതരായി സ്കൂളുകളിലേക്ക് എത്തിക്കാൻ, തിരികെ വീട്ടിലേക്ക് എത്തിക്കാൻ നിരവധി മാർഗ്ഗനിർദ്ദേശങ്ങളാണ് യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കിയത്.

ക്ലാസ്മുറികൾ അലങ്കരിച്ചും പാട്ടും കളിയുമായി കേരളത്തിലെ പ്രവേശനോൽസവത്തിന് സമാനമായിരുന്നു യുഎഇയിലെ ഓരോ സ്കൂളുകളും..

പ്രസിഡന്റിന്റെ ശബ്ദസന്ദേശം

വിദ്യാർത്ഥികൾ ക്ലാസ്സിലെത്തിയതിന് പിന്നാലെ യുഎഇ പ്രസിഡന്റിനെ ശബ്ദസന്ദേശമെത്തി. എല്ലാവർക്കും വിജയകരമായ വർഷം ആശംസിച്ച പ്രസിഡന്റ് രാജ്യത്തിന്റെ ഭാവിയാണ് അവരെന്നും എല്ലാവർക്കും മാതൃകയാകേണ്ടവരാണെന്നും ഓർമിപ്പിച്ചു. രണ്ടരമിനിറ്റ് ദൈർഘ്യമുള്ള ശബ്ദസന്ദേശം രാജ്യത്തെ എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകളിലും കുട്ടികളെ കേൾപ്പിച്ചു. മലയാളി കുട്ടികൾ ഏറെയുള്ള ഏഷ്യൻ കരിക്കുലം സ്കൂളുകളിൽ രണ്ടാം ടേമാണ് ആരംഭിച്ചത്.

ഗതാഗത ക്രമീകരണങ്ങൾ

അതേസമയം രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളും തുറക്കുന്നതിനാൽ നിരത്തുകളിൽ വൻ ഗതാഗത ക്രമീകരണങ്ങളാണ് വിവിധ എമിറേറ്റുകളിലെ ട്രാഫിക് പൊലീസ് ഒരുക്കിയിരുന്നത്. സ്കൂൾ തുറക്കുന്ന ദിവസം അപകടങ്ങളും ട്രാഫിക് നിയമലംഘങ്ങളും ഉണ്ടാക്കില്ലെന്ന് പ്രതിജ്ഞ എടുക്കുകയും പാലിക്കുകയും ചെയ്യുന്ന ഡ്രൈവർമാരുടെ ലൈസൻസിലെ നാല് ബ്ലാക്ക് പോയിന്റുകൾ നീക്കും. നഴ്സറിയിലും കിന്റർഗാർട്ടനിലും പഠിക്കുന്ന കുട്ടികളുള്ളവർക്ക് അധ്യയന വർഷത്തിലെ ആദ്യ ആഴ്ച മുഴുവൻ ഫ്ലെക്സിബിൾ ജോലി സമയവും അനുവദിച്ചിട്ടുണ്ട്.

അപകടരഹിത ദിനം

യുഎഇയിൽ ആ​ഗസ്റ്റ് 26ന് സ്കൂൾ തുറക്കുന്നത് പ്രമാണിച്ച് നടപ്പിലാക്കിയ അപകടരഹിത ക്യാമ്പയിനാണ് ലോകശ്രദ്ധയാകർഷിച്ചത്. ‘അപകടരഹിത ദിന’ത്തിലൂടെ ദേശീയ ബോധവത്കരണമാണ് യുഎഇ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. ഫെഡറൽ ട്രാഫിക് കൗൺസിൽ, ജനറൽ കമാൻഡ് ഓഫ് പൊലിസ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് ‘അപകടരഹിത ദിനം’ കാമ്പയിൻ നടത്തിയത്. പുതു അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുന്ന ആദ്യ ദിനം ട്രാഫിക് അപകടങ്ങളിൽ നിന്ന് രാജ്യം മുക്തമാണെന്ന് ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കാമ്പയിനിൽ വ്യാപകമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, ‘അപകട രഹിത ദിനം’ കാമ്പയിനിൽ പങ്കെടുത്ത ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ കുറച്ചു നൽകുകയും ചെയ്യ്തിരുന്നു.

‘അപകടരഹിത ദിന’ത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ ഡ്രൈവർമാരോടും രക്ഷിതാക്കളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ബ്ലാക്ക് പോയിന്റ് കുറയ്ക്കുന്നതിനും യോഗ്യത നേടുന്നതിനും, പങ്കെടുക്കുന്നവർ ക്യാംപയിനിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞയിൽ സൈൻ ചെയ്യ്തിരുന്നു. കൂടാതെ, ‘അപകട രഹിത ദിനം’ കാമ്പയിനിൽ പങ്കെടുക്കുന്നവരുടെ ഭാഗത്തു നിന്ന് ഈ ദിവസം ട്രാഫിക് ലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കാൻ പാടില്ല. ആഗസ്ത് 26ന് ശേഷവും ഈ ആനുകൂല്യങ്ങൾ തുടരുന്നുണ്ട്.

റോഡ് സുരക്ഷ വർധിപ്പിക്കുകയെന്ന യുഎഇ സർക്കാരിന്റെ ലക്ഷ്യത്തലേക്കുള്ള പ്രധാന ചുവടുവയ്പ്പുകളിലൊന്നാണ് ‘അപകട രഹിത ദിനം’ ക്യാംപയിനെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹരിതി അറിയിച്ചു.സുരക്ഷിത വാഹന യാത്രയെ കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവൽക്കരിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തിയെടുക്കുക എന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യം വെച്ചിരുന്നത്. സ്‌കൂളുകൾക്ക് സമീപം ശ്രദ്ധയോടെ വാഹനം ഓടിക്കുക,വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കുക, ട്രാഫിക് പാതകൾ കൃത്യമായി പിന്തുടരുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക,സുരക്ഷിതമായ അകലം പാലിക്കുക എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽക്കുക,വേഗപരിധികൾ പാലിക്കുക, അപകടങ്ങളില്ലാത്ത ഡ്രൈവിംഗ് തുടങ്ങിയവയായിരുന്നു ക്യാംപയിനിന്റെ ലക്ഷ്യങ്ങൾ.

യുഎഇയിലെ ഓരോ എമിറേറ്റിലും നിശ്ചയിച്ചിട്ടുള്ള വേഗത പരിധികൾ കൃത്യമായി പാലിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനങ്ങൾക്കിടയിൽ നിയമപരമായ സുരക്ഷാ അകലം പാലിക്കുക,ട്രാഫിക് സിഗ്‌നലുകൾ പാലിക്കുക, കുട്ടികളുടെ സുരക്ഷാ സീറ്റുകൾ ഉപയോഗിക്കുക, സ്‌കൂൾ സോണുകളിൽ വേഗത കുറയ്ക്കുക തുടങ്ങിയവയാണ് മറ്റ് ക്യാംപയിൻ നിർദ്ദേശങ്ങളിലുള്ളത്. സ്‌കൂളിന്റെ ആദ്യ ദിവസം സാധാരണഗതിയിൽ കനത്ത ഗതാഗതക്കുരുക്കാണ് യുഎഇയിൽ അനുഭവപ്പെടാറുള്ളത്. ഇതുമൂലം കൃത്യസമയത്ത് സ്‌കൂളിലെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കാറില്ല. അപകട രഹിത ദിന ക്യാംപയിനിലൂടെ ട്രാഫിക് കുരുക്കിനെ ഒരു പരിധിവരെ മറികടക്കാൻ സാധിച്ചു..

ബാക്ക് ടു സ്കൂൾ ഓഫറുകൾ

പുതിയ അധ്യായന വർഷത്തിൽ സ്കൂളുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കായി നിരവധി ബാക്ക് ടു സ്കൂൾ ഓഫറുകളാണ് പലയിടങ്ങളിലായി പ്രഖ്യാപിക്കപ്പെട്ടത്..

വസ്ത്രങ്ങൾ, ചെരിപ്പുകൾ, സ്കൂൾ ബാഗുകൾ ഉൾപ്പെടെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ഉൽപന്നങ്ങൾക്കും വിലക്കിഴിവും കോംബോ ഓഫറുകളുമാണ് വാഗ്ദാനം. ഭാഗ്യശാലികളായ 25 വിദ്യാർഥികൾക്ക് 20000 ദിർഹത്തിന്റെ വീതം സ്കോളർഷിപ് നേടാനുള്ള അവസരവുമുണ്ട്. സമ്മർ സർപ്രൈസിന്റെ ഭാഗ്യ ചിഹ്നമായ മോദേഷിന്റെ പേരിലുള്ളതാണ് സ്കോളർഷിപ്.

ഇബ്നു ബത്തൂത്ത മാൾ, സർക്കിൾ മാൾ ഉൾപ്പടെ ദുബായ് സമ്മർ സർപ്രൈസുമായി സഹകരിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 200 ദിർഹത്തിനു മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഭാഗ്യമത്സരത്തിന്റെ ഭാഗമാകാം. പ്രായ, ദേശ, ഭാഷ വ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് മോദേഷ് സ്കോളർഷിപ് സ്വന്തമാക്കാം. മൊത്തം 5 ലക്ഷം ദിർഹമാണ് സ്കോളർഷിപ്പിനു മാത്രമായി ചെലവഴിക്കുന്നത്. ബാക്ക് ടു സ്കൂൾ ഓഫറിന്റെ ഭാഗമായി 20 ഭാഗ്യശാലികൾക്ക് 5000 ദിർഹം വീതം സമ്മാനം നേടിത്തരുന്ന ഭാഗ്യക്കൂപ്പണുകളുമുണ്ട്. ഈ മാസം 28 വരെയാണ് സമ്മർ സർപ്രൈസുകൾ.

സ്കൂളുകൾക്ക് മുന്നിലെ ട്രാഫിക് നിയന്ത്രണം

സ്‌കൂൾ പരിസരത്തെ ട്രാഫിക് നിയന്ത്രിക്കുന്നതിന് സ്‌കൂളുകളിൽ പ്രത്യേക പാർക്കിംഗ്, ക്രോസിംഗ് പോയിൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സുഗമമായ പരിവർത്തനം ഉറപ്പാക്കുന്നതിന് പ്രഗത്ഭരായ സുരക്ഷാ ടീം ട്രാഫിക് നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നു.

“മാതാപിതാക്കളെ സഹായിക്കാൻ ഞങ്ങളുടെ സമർപ്പിത സീനിയർ ലീഡർഷിപ്പ് ടീമും എല്ലാ ഗേറ്റുകളിലും ഡ്രോപ്പ്-ഓഫ് പോയിൻ്റുകളിലും നിലയുറപ്പിച്ചിട്ടുണ്ട്. ട്രാഫിക് പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കുന്നതിനും സ്ഥലത്തുതന്നെ പരിഹാരം കാണുന്നതിനും ഞങ്ങൾ സാദിയത്ത് മാനേജ്‌മെൻ്റ് ഓഫീസുമായി ചേർന്ന് പ്രവർത്തിക്കുന്നു.

സ്‌കൂളുകൾക്ക് സമീപം അപകടകരമായ രീതിയിൽ വാഹനമോടിക്കരുത് – അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾക്കെതിരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ചില രക്ഷിതാക്കൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്നതായി അബുദാബി പോലീസ് പറഞ്ഞു.

സ്‌കൂൾ ബസ് ഡ്രൈവർമാരോട് നിയുക്തവും സുരക്ഷിതവുമായ സ്ഥലങ്ങളിൽ മാത്രം നിർത്തി വിദ്യാർത്ഥികൾ സുരക്ഷിതമായി കയറ്റുകയോ ഇറങ്ങുകയോ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഇത് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസിൽ “സ്റ്റോപ്പ്” എന്ന ചിഹ്നം ഉപയോഗിക്കുന്നതിനെക്കുറിച്ച് പോലീസ് അവരെ ഓർമ്മിപ്പിച്ചു.

സ്കൂൾ ബസ് സ്റ്റോപ്പ് ആം ആക്ടിവേറ്റ് ചെയ്യുമ്പോൾ ഡ്രൈവർമാർ അഞ്ച് മീറ്ററിൽ കുറയാത്ത അകലത്തിൽ പൂർണ്ണമായും സ്റ്റോപ്പ് ചെയ്യണം.

പിഴ

സ്‌കൂൾ ബസ് ഡ്രൈവർ സ്റ്റോപ്പ് അടയാളം തുറന്നില്ലെങ്കിൽ 500 ദിർഹം പിഴയും ആറ് ട്രാഫിക് പോയിൻ്റുകളും ചുമത്തും.

സ്‌കൂൾ ബസുകളിൽ സ്റ്റോപ്പ് ബോർഡ് കാണുമ്പോൾ വാഹനം നിർത്തിയില്ലെങ്കിൽ വാഹനമോടിക്കുന്നവർക്ക് 1000 ദിർഹം പിഴയും 10 ട്രാഫിക് പോയിൻ്റുകളും ബാധകമാണ്.

കൂടാതെ, 10 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് മുൻ സീറ്റുകളിൽ പ്രവേശനമില്ല. സ്കൂൾ ബസ് കാത്തുനിൽക്കുമ്പോൾ വിദ്യാർഥികൾ തെരുവിൽ കളിക്കരുതെന്ന് പൊലീസ് അറിയിച്ചു.

തീരാ നോവായി വിദ്യാർത്ഥിയുടെ അപകട മരണം

അധ്യായന വർഷം ആരംഭിച്ച് ആദ്യത്തെ ആഴ്ച തന്നെ വാഹനാപകടത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത് എമിറേറ്റിന് വലിയ നോവായി…ഹൈവേയിൽ വാഹനം മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വണ്ടി വളവിൽ നിന്ന് തിരിയുന്നതിന്റെ ആഘാതത്തിൽ കാർ ഇരുമ്പ് തടയണയിൽ ഇടിച്ച് ഹത്ത-ലഹ്ബാബ് റോഡിൻ്റെ വശത്തുള്ള മണൽ പ്രദേശത്തേക്ക് മറിയുകയായിരുന്നു.

12 വിദ്യാർത്ഥികൾ – എല്ലാവരും ഏഷ്യക്കാരാണെന്നാണ് റിപ്പോർട്ട്. വാഹനത്തിൽ പരിധിയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കാറിൽ യാത്രക്കാരുടെ പരിധി ലംഘിക്കുന്നത് യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്.

ഈ സംഭവത്തോടെ കുട്ടികളെ സുരക്ഷിതമായി സ്‌കൂളുകളിലേക്കും തിരിച്ചും കൊണ്ടുപോകുന്നുണ്ടെന്ന് രക്ഷിതാക്കളോട് ഉറപ്പുവരുത്തണമെന്ന് ദുബായ് പോലീസ് ആക്ടിംഗ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ആവശ്യപ്പെട്ടു.

ഈ ഒരു അപകട സംഭവമൊഴിച്ചാൽ യുഎഇയിൽ അധ്യായനവർഷം ആരംഭിച്ച ആദ്യ ആഴ്ച, അപകടരഹിത ക്യാമ്പയിൻ ഫലപ്രദമായിരുന്നു…

വിദ്യാർത്ഥികൾക്കായി ഇത്രയേറെ സൗകര്യങ്ങളും ബോധവത്ക്കരണവും നടത്തുന്ന മറ്റൊരു രാജ്യവും ലോകത്തുണ്ടാകില്ല. സ്വന്തെ രാജ്യത്തിന്റെ ഭാവി വളർന്നു വരുന്ന തലമുറയാണെന്ന പ്രസിഡന്റെ ഷെയ്ഖ് മുഹമ്മദിന്റെ ദീർഘവീക്ഷണമാണ് എമിറേറ്റിന്റെ കരുത്ത്… ആ കരുത്തിൽ പുതിയൊരു തലമുറ സുരക്ഷിതരായി വളരട്ടെയെന്ന് ആശംസിക്കാം…!

You May Also Like

More From Author

+ There are no comments

Add yours