ദോഹയിലെ ഇസ്രായേൽ ആക്രമണം; ഖത്തർ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്

0 min read
Spread the love

ഖത്തർ തലസ്ഥാനമായ ദോഹയിൽ സൗഹൃദ സന്ദർശനം നടത്തി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽ ഥാനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തി യു.എ.ഇ പ്രസഡന്റിനെയും സംഘത്തെയും സ്വീകരിച്ചു. തുടർന്ന്​ ദോഹയിലെ അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ശക്​തമായ ബന്ധവും ഖത്തർ മണ്ണിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൻറെ പ്രത്യാഘാതങ്ങളും ചർച്ചയായി. ഖത്തറിന്​ യു.എ.ഇയുടെ ഐക്യദാർഡ്യമറിയിച്ച ഷെയ്ഖ്​ മുഹമ്മദ്​, പരമാധികാരവും അതിർത്തിയും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ ഖത്തർ സ്വീകരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും സമ്പൂർണ പിന്തുണയും അറിയിച്ചു.

ഖത്തറിന്റെ പരമാധികാരത്തിന്റെയും എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് ക്രിമിനൽ ആക്രമണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരം പ്രവർത്തനങ്ങൾ മേഖലയുടെ സുരക്ഷ, സ്ഥിരത, സമാധാന സാധ്യതകൾ എന്നിവക്ക്​ ഭീഷണിയാണെന്ന് വ്യക്​തമാക്കി. മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ അമീർ ​ശൈഖ്​ തമീം ബിൻ ഹമദ് ആൽ ഥാനി നടത്തിയ ശ്രമങ്ങളെ ​ശൈഖ്​ മുഹമ്മദ്​ പ്രശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്ക്​ ശേഷം ​മടങ്ങിയ യു.എ.ഇ പ്രസിഡൻറിനെ വിമാനത്താവളം വരെ ശൈഖ്​ തമീമും ഉന്നത ഖത്തരി ഉദ്യോഗസ്ഥരും അനുഗമിച്ചു.

നേരത്തെ ദോഹയിൽ ഹമാസ്​ നേതാക്കളെ ലക്ഷ്യമിട്ട്​ ഇസ്രയേൽ നടത്തിയ ആക്രമണത്തെ ശക്​തമായി അപലപിച്ച്​ യു.എ.ഇ രംഗത്തുവന്നിരുന്നു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂൻ ബിൻ സായിദ് ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്​. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്​യാൻ, പ്രസിഡൻഷ്യൽ കോർട്​ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ എന്നിവരുൾപ്പെടെ ഉന്നതതല പ്രതിനിധി സംഘം ഖത്തർ സന്ദർശനത്തിൽ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു​. ഖത്തർ അമീറിൻറെ പേഴ്സണൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനി തുടങ്ങി നിരവധി പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പ​ങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours