1971 ഡിസംബർ 2, എല്ലാ പ്രതിബദ്ധങ്ങളെയും മറിക്കടന്ന് എമിറേറ്റ്സിന്റെ ഏകീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട വർഷം. കഴിഞ്ഞ 53 വർഷങ്ങൾ. അന്ന് മുതൽ യുഎഇ ദേശീയദിനമായി ഡിസംബർ 2 ആഘോഷിക്കുന്നു.
ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്ന് എന്നതാണ് യുഎഇയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ താമസിക്കുന്ന ഒരോരുത്തർക്കും രാജ്യം പകർന്നു നൽകുന്ന സുരക്ഷിതത്വ ബോധം ചെറുതല്ല. യൂറോപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളും അറേബ്യൻ ആചാരങ്ങളും ഇസ്ലാമിക സംസ്‌കാരവും സമന്വയിപ്പിച്ച് തികഞ്ഞ മതസൗഹാർദ്ദത്തോടെ ഏവർക്കും തുല്യനീതി നടപ്പാക്കി കൊടുക്കുന്ന ഭരണാധികാരികൾ പ്രത്യേകം പ്രശംസ അർഹിക്കുന്നവരാണ്. ജനങ്ങളുടെ സന്തോഷത്തിനും രാഷ്ട്രത്തിന്റെ ഉന്നമനത്തിനും ശ്രദ്ധനൽകുന്ന ഭരണാധികാരികളാണ് യുഎഇയുടേത്. അവരുടെ ദീർഘവീക്ഷണം ലോകത്തിനു തന്നെ മാതൃകയാണ്. യുഎഇ യുടെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഒരു പ്രശ്‌നമുണ്ടായപ്പോൾ ആദ്യം സഹാനുഭൂതിയുടെ സന്ദേശം അറിയിച്ചവരാണ് യുഎഇ ഭരണാധികാരികൾ. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം സന്തോഷവും വർധിപ്പിക്കാൻ ഏറ്റവും ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ സ്വന്തം രാജ്യത്ത് നടപ്പാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.
യുഎഇയിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ മരുഭൂമിയുടെ നടുവിൽ തീർത്തിരിക്കുന്നത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും മരുപ്പച്ച തന്നെയാണ്. ലോകമെമ്പാടു നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വാസകേന്ദ്രമായ യുഎഇ മറ്റു രാജ്യങ്ങൾക്കിടയിൽ നൂതന ആശയങ്ങളുടെയും സാങ്കേതികത്തികവിന്റെയും കളിത്തൊട്ടിലാണ്. ദേശീയദിനം ആഘോഷിക്കുമ്പോൾ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റ ദീർഘവീക്ഷണമനുസരിച്ച് ലോകത്തെ മുൻനിര രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരുന്ന യുഎഇയുടെ ചുവടുവയ്പുകൾക്കൊപ്പം നിൽക്കാൻ നിരവധി മലയാളികളുണ്ടായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി, ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവിപിള്ള, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഫൗണ്ടർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ, വി പി എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ:ഷംസീർ വയലിൽ ഇങ്ങനെ അതിസമ്പന്നരുടെ പട്ടികയിൽ തുടങ്ങി ഏറ്റവും താഴെ തട്ടിൽ പണി എടുക്കുന്ന തൊഴിലാളികൾ വരെ അതിൽ പെടും.
യുഎഇ ദേശീയദിനം – ചരിത്രങ്ങളിലൂടെ
ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ ഫെഡറേഷനാണ് ഐക്യ അറബ് എമിറേറ്റുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. അബുദാബിയാണ് തലസ്ഥാനം. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു. എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലാണ് ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചത്. 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു.
ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി എമിറേറ്റാണ് ഏറ്റവും വലിയ സാമ്പത്തിക ശക്തി. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നതും അബുദാബിയാണ്. ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.ഏ.ഇ യിലാണ്. അതിൽ 90%വും അബുദാബിയിലാണ്. ബാക്കി ദുബായിലും ഷാർജ്ജയിലും മറ്റ് എമിറേറ്റുകളിലുമാണുള്ളത്. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തിൽ ആഗോളതലത്തിലെ നിക്ഷേപത്തിന്റെ 3% യു.ഏ.ഇ യിലാണ്. ഇപ്പോഴത്തെ രീതിയിൽ ഉൽപ്പാദിപ്പിക്കപ്പെടുകയാണെങ്കിൽ യു.ഏ.ഇ യുടെ എണ്ണ നിക്ഷേപം 100 വർഷത്തേക്കും പ്രകൃതിവാതക നിക്ഷേപം 200 വർഷത്തേക്കും കൂടെയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും ബിസ്സിനസ്സുകൾ നടത്താനും ഡ്രൈവ് ചെയ്യാനുമുള്ള സ്വാത്രന്ത്ര്യമുള്ള രാജ്യം കൂടിയാണ് യുഎഇ.
യുഎഇയെ സംബന്ധിച്ച് ഓർമകളുടെ കടലിരമ്പമാണ് ഓരോ ദേശീയ ദിനവും. വെറുമൊരു മണൽക്കാടിൽനിന്ന് ലോകത്തെ ഏറ്റവും ആധുനികമായ രാഷ്ട്രത്തിലേക്കുള്ള കുതിപ്പിന്റെയും വളർച്ചയുടെയും ഓർമകൾ. കാരുണ്യത്തിന്റെയും മാനവികതയുടെയും മരതകം വിളയുന്ന മാണിക്യത്തോപ്പാണ് ഇന്ന് യു എ ഇ. ഒറ്റനോട്ടത്തിൽ ഭൂപടത്തിൽ കാഴ്ചയിൽ പോലും ഇല്ലാത്ത ഒരു കൊച്ചുനാട് അനേകം നാടുകൾക്ക് പ്രകാശഗോപുരമായി മാറിയതിന്റെ പിന്നിൽ ആസൂത്രണ മികവിന്റെ വലിയ മാതൃക തന്നെയുണ്ട്. 1971 ഡിസംബർരണ്ടിനായിരുന്നു ചരിത്രം കുറിച്ച ആ തീരുമാനം.
ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രൂഷ്യൽസ്റ്റേറ്റുകൾ എന്നറിയപ്പെട്ടിരുന്ന ഏഴു എമിറേറ്റുകൾഒന്നു ചേർന്ന് ഐക്യഅറബ് എമിറേറ്റ് ആയ ദിനം. സ്വന്തമായി കറൻസി പോലുമില്ലാതിരുന്ന ഏഴു എമിറേറ്റുകളും ഒന്നു ചേർന്നപ്പോൾ രൂപപ്പെട്ടത് ശക്തമായ ഒരു വികസന കാഴ്ചപ്പാടും സമ്പദ് വ്യവസ്ഥയുമാണ്. ഷെയ്ഖ് സായിദ് ബിൻസുൽത്താൻഅൽനഹ്യാന്റെ ദീർഘവീക്ഷണമായിരുന്നു ഐക്യ അറബ് എമിറേറ്റെന്ന സ്വപ്നത്തിന് അടിത്തറപാകിയത്. പിന്നീടുള്ള ഓരോ നേട്ടങ്ങളിലും ആ ദീർഘവീക്ഷണത്തിന്റെ കയ്യൊപ്പ് കാണാം. ലോകത്തെ വിസ്മയിപ്പിക്കുന്നതായിരുന്നു പോയ 53 വർഷക്കാലത്തെ യുഎഇയുടെ വളർച്ച. മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രമായി യു.എ.ഇ തല ഉയര്ത്തിപ്പിടിച്ച് നില്ക്കുന്നു. ലോകരാഷ്ട്രങ്ങളിൽ ജീവിത സാഹചര്യങ്ങളിലും സാമൂഹിക സ്ഥിതി സമത്വത്തിലും യുഎഇ ഇന്ന് മുൻനിരയിലാണ്. പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്ക്ക് അഭയസ്ഥാനം കൂടിയാണ് യു.എ.ഇ. ഇരുനൂറിലധികം രാജ്യക്കാര്അധിവസിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസ സമൂഹവും മലയാളികളാണ്.
കടലിൽ നിന്നും 10-12 കി.മീ. ഉള്ളിലേക്ക് കയറി വരുന്ന നീർച്ചാൽ മാത്രമായിരുന്നു ഒരുകാലത്ത് ദുബായ് പുഴ. ഈ ക്രീക്കിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ദേര, ബർ ദുബായ് പ്രദേശങ്ങളിലാണ് ദുബായിയുടെ വാണിജ്യങ്ങൾ തളിർത്തത്. ആദ്യകാലത്ത് ദുബായ് പുഴയ്ക്ക് ആഴം കുറവായിരുന്നു. കടലിൽ വേലിയേറ്റമുണ്ടാവുന്ന സമയത്ത് മാത്രമേ ഇവിടേക്ക് പത്തേമാരികളും ചെറുകപ്പലുകളും പായ്വഞ്ചികളും വന്നിരുന്നുള്ളൂ. ജലയാനങ്ങൾ തിരിച്ചുപോകണമെങ്കിലും അടുത്ത വേലിയേറ്റം വരെ കാത്തിരിക്കുകയും വേണം. ദുബായ് പുഴയ്ക്ക് ആഴവും വീതിയും കൂട്ടിയാൽ കപ്പൽ സഞ്ചാരവും ചരക്കുഗതാഗതവും വർധിക്കുമെന്ന ശൈഖ് റാഷിദിന്റെ ദീർഘവീക്ഷണം ഫലം കണ്ടു. ദുബായിലെയും കുവൈത്തിലെയും ഇറാഖിലെയും സമ്പന്നരായ കച്ചവടക്കാരിൽനിന്ന് ബോണ്ടുകളിലൂടെ പണം സമാഹരിച്ച് ദുബായ് പുഴയുടെ വികസനത്തിനുവേണ്ടിയുള്ള പദ്ധതി ആരംഭിച്ചു. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള കോൺട്രാക്ടിങ് കമ്പനി ദുബായ് പുഴയുടെ ആഴം കൂട്ടിയതോടെ ദുബായ് നഗരത്തിന്റെ തന്നെ ചരിത്രം ഗതിമാറി.
ദുബായ് പുഴയിൽ ചരക്കുഗതാഗതം വർധിച്ചതോടെ പുഴയ്ക്കിരുവശവും അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും നിരകളുയർന്നു. വിദേശങ്ങളിൽനിന്ന് തൊഴിലാളികൾ പ്രവഹിച്ചു. ഹോട്ടലുകളും ആശുപത്രികളും താമസകേന്ദ്രങ്ങളും അനിവാര്യമായി. അറുപതുകളുടെ തുടക്കത്തിൽ സ്വന്തമായി വിമാനത്താവളം പോലും ഇല്ലാതിരുന്ന ദുബായിൽ നിലവിൽ പ്രതിവർഷം വന്നിറങ്ങിപ്പോകുന്നത് 40 ദശലക്ഷം യാത്രക്കാരാണ്. അംബരചുംബികളായ കെട്ടിടങ്ങളുടെയും അത്യാധുനികമായ ഗതാഗത സൗകര്യങ്ങളുടെയും നഗരങ്ങളാണ് യു.എ.ഇ.യുടെ എമിറേറ്റുകൾ. നഗരങ്ങളുടെ ആധുനികീകരണത്തിൽ രാജ്യം അഭൂതപൂർവമായ വളർച്ച നേടുമ്പോഴും യു.എ.ഇ. രാജാവായ ശൈഖ് ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഏറെ ശ്രദ്ധിക്കുന്നത് രാജ്യത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളിലാണ്. മരുഭൂമിയായിരുന്ന ഒരു രാജ്യത്തെ എങ്ങനെയൊക്കെ ഹരിതാഭവും കാർഷിക സമൃദ്ധിയുമുള്ള രാജ്യമാക്കി മാറ്റാം എന്ന് തെളിയിച്ച ഷെയ്ഖ് സായിദിന്റെ പാതയിലൂടെ സഞ്ചാരം തുടരുകയാണ് അദ്ദേഹത്തിന്റെ മകനും.
എണ്ണയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമല്ല വളർച്ചയുടെ പുതിയ ആകാശങ്ങൾ തേടി യുഎഇ പറന്നത്. എണ്ണയിൽ നിന്നുള്ള സമ്പത്ത് യു.എ.ഇ.യുടെ ജി.ഡി.പി.യുടെ 28 ശതമാനം മാത്രമാണ്. അക്ഷയനിധി പോലെ എണ്ണശേഖരം ഉണ്ടായിട്ടും പെട്രോളിനെ മാത്രം ആശ്രയിക്കാതെ സാമ്പത്തിക രംഗം വൈവിധ്യ പൂർണമാക്കാൻ യു.എ.ഇ. ഭരണാധികാരികൾ കാണിച്ച ആസൂത്രണ മികവാണ് വളർച്ചയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കൊണ്ട് യു.എ.ഇ. കയ്യെത്തി പിടിച്ച പുരോഗതിക്ക് കാരണമായി മൂന്ന് ഘടകങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, രാഷ്ട്രീയവും സാമ്പത്തികവുമായ അധികാര വികേന്ദ്രീകരണം, വാണിജ്യം, തൊഴിൽ, കച്ചവട മേഖലകളിലെ ഉദാരമായ സമീപനങ്ങൾ എന്നിവയാണ് അവ. അബുദാബി ആസ്ഥാനമായി കേന്ദ്രസർക്കാർ രാജ്യം ഭരിക്കുമ്പോൾ ഓരോ എമിറേറ്റിനും രാഷ്ട്രീയ, സാമ്പത്തിക, വ്യവസായ, വാണിജ്യമേഖലകളിൽ സ്വാതന്ത്ര്യം അനുവദിച്ചു. പ്രതിരോധം, വിദേശകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേന്ദ്രവും ശ്രദ്ധിച്ചു. യു.എ.ഇ. രാജ്യത്തിലെ ഏറ്റവും പ്രമുഖമായ രണ്ട് സംസ്ഥാനങ്ങളായിരുന്നു തലസ്ഥാനമായ അബുദാബിയും വ്യവസായവാണിജ്യ നഗരമായ ദുബായിയും. യു.എ.ഇ.യുടെ എണ്ണനിക്ഷേപത്തിൽ 90 ശതമാനവും അബുദാബിയിൽ ആയതുകൊണ്ട് ഊർജമേഖലയിൽ വൻനിക്ഷേപവും സാമ്പത്തികമുന്നേറ്റവും ഉണ്ടാക്കാൻ അബുദാബിക്ക് കഴിഞ്ഞു. 1958-ലാണ് അബുദാബിയിൽ എണ്ണയുടെ പര്യവേക്ഷണം വിജയിച്ചുതുടങ്ങിയത്. 1962 ആയപ്പോഴേക്കും കയറ്റുമതിയും ആരംഭിച്ചു. പിന്നീടുള്ള അബുദാബിയുടെ വളർച്ച വിസ്മയിപ്പിക്കുന്നതായിരുന്നു. അതേസമയം, ദുബായ് ഭരണാധികാരികൾ ട്രേഡിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വാണിജ്യ രംഗം വളർന്നതോടെ ട്രേഡിങ്ങിലൂടെ സാമ്പത്തിക മേഖലയ്ക്ക് വൈവിധ്യം നല്കാൻ ദുബായിക്കും കഴിഞ്ഞു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റു ലോക രാജ്യങ്ങളിൽനിന്നും ചരക്കുകൾ ഇറക്കുമതി ചെയ്ത് പുനർ കയറ്റുമതിയാണ് ദുബായിയുടെ ആദ്യം മുതലേയുള്ള വാണിജ്യതന്ത്രം.
യുഎഇയുടെ ദേശീയ നേതാക്കൾ
പല ഭാഗങ്ങളിലായി ചിതറിക്കിടന്ന ഗോത്രങ്ങളെ ഒന്നിപ്പിച്ച് നിർത്തി ഒരു രാജ്യമെന്ന ആശയത്തിന് ചുക്കാൻ പിടിച്ചത് യുഎഇ രാഷ്ട്ര പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും ഷെയ്ഖ് റാഷിദ് ബിൻ സൈദ് അൽ മക്തൂമുമായിരുന്നു. ഇരുവരുടെയും നീണ്ട പരിശ്രമത്തിനൊടുവിൽ 1971 ഡിസംബർ രണ്ടിനാണ് ഐക്യ എമിറേറ്റസ് എന്ന യുഎഇ നിലവിൽ വന്നത്. അബുദാബി,ദുബായ്,ഷാർജ,അജ്മാൻ,ഫുജൈറ,ഉമ്മൽഖുവൈൻ എന്നീ എമിറേറ്റുകൾ തുടക്കത്തിലും പിന്നീട് റാസൽഖൈമയും ചേർന്നതോടെ ലോകം ഉറ്റുനോക്കുന്ന ഇന്നത്തെ യുഎഇ എന്ന രാജ്യത്തിന് പിറവിയെടുക്കുകയായിരുന്നു. രാജ്യത്ത് മികച്ച സുരക്ഷ ഉറപ്പിക്കുകയും പൗരന്മാർക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കാനും ഭരണാധികാരികൾ മുന്നിട്ടിറങ്ങിയപ്പോൾ വികസനം ഈ നാടിനെ തേടി വരികയായിരുന്നു.
ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടിരുന്ന വികസനം എത്തിനോക്കിയിട്ടില്ലാത്ത എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു 1950 നു മുൻപു വരെ ഈ പ്രദേശം. നേരത്തെ സൂചിപ്പിച്ചത് പോലെ 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്നഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ ആറ് എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രൂപം കൊണ്ടു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻസുൽത്താൻ അൽ നഹ്യാൻറെയും രാഷ്ട്രശിൽപി ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിൻറെയും നേതൃത്വത്തിൽ ജുമൈറയിലെ യൂണിയൻ ഹൌസിലായിരുന്നു ആ ചരിത്ര പ്രഖ്യാപനം.
ആ ചരിത്രപ്രഖ്യാപനത്തിൻറെ ഓർമകളാണ് ഓരോ ദേശീയദിനാഘോഷങ്ങളും. സഹിഷ്ണുതാ വർഷമാചരിക്കുന്നതിൻറെ ഭാഗമായി പ്രത്യേക ആഘോഷപരിപാടികൾക്കാണ് ഇത്തവണ യുഎഇ സാക്ഷ്യം വഹിച്ചത്. രാജ്യതലസ്ഥാനമായ അബുദാബിയിൽ പൂർവികരുടെ ഓർമകളിൽ രാജ്യത്തിൻറെ സംസ്കാരം അത്യുന്നതിയിൽ പ്രഘോഷിച്ചാണ് ദേശീയദിനം ആചരിക്കുന്നത്.
ഈദ് അൽ ഇത്തിഹാദ്
പതിവ് തെറ്റിക്കാതെ ഈ വർഷവും ദേശിയദിനാഘോഷങ്ങൾ ഗംഭിരമായി ആഘോഷിക്കാനാണ് യുഎഇയുടെ തീരുമാനം. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ‘ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ദേശീയദിനാഘോഷത്തെ നാമകരണം ചെയ്തിരിക്കുന്നത്.
സമ്പത്തിന്റെയും അഭിവൃദ്ധിയുടെയും വളർച്ചയുടെയും സൗഭാഗ്യം അനേകരാജ്യങ്ങളിലെ പ്രവാസികളിലൂടെ ആ രാജ്യങ്ങളിലേക്ക് കൂടിയെത്തിച്ച ഐക്യ അറബ് എമിറേറ്റ്സ്, യുഎഇ. സ്വന്തം രാജ്യം കഴിഞ്ഞാൽ മലയാളികളുൾപ്പടെ ഇന്ത്യക്കാർ ഏറ്റവും സജീവമായി പങ്കെടുക്കുന്ന ദിനം. അതുകൊണ്ട് തന്നെ ദേശീയ ദിനാഘോഷങ്ങൾക്ക് ഈദ് അൽ ഇത്തിഹാദ് എന്നാണ് പേര് നൽകിയിരിക്കുന്നത്.
വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ. രാജ്യത്തിന്റെ പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികൾ. സുസ്ഥിരതയ്ക്കും സഹകരണത്തിനുമാണ് ഊന്നൽ.
രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അൽ ഇത്തിഹാദ് സോണുകൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഡിസംബർ രണ്ടിനും മൂന്നിനുമാണ് ഔദ്യോഗിക അവധിയെങ്കിലും വാരാന്ത്യത്തോട് ചേർന്ന് വരുന്നതിനാൽ നാല് ദിവസത്തെ അവധിയാണ് പൊതജനങ്ങൾക്ക് ലഭിക്കുക. ആഘോഷങ്ങൾക്ക് പരമാവധി മാലിന്യം കുറക്കണമെന്നും പുനരുപയോഗിക്കാവുന്ന വസ്തുക്കളെ ആശ്രയിക്കണമെന്നും അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഈദ് അൽ ഇത്തിഹാദിന്റെ പ്രധാന വേദിയായി അൽ ഐൻ
53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഈ വർഷത്തെ ഔദ്യോഗിക ചടങ്ങ് അൽ ഐൻ സിറ്റിയിലാണ് നടക്കുന്നത്. പ്രാദേശിക ടിവി ചാനലുകൾ, ഈദ് അൽ ഇത്തിഹാദിന്റെ യൂട്യൂബ് ചാനൽ, വെബ്‌സൈറ്റ്, സിനിമാശാലകൾ, തെരഞ്ഞെടുത്ത പൊതു ഇടങ്ങൾ എന്നിവയിലുടനീളം ഇവൻ്റ് തത്സമയം സംപ്രേക്ഷണം ചെയ്യും. ചരിത്രപരമായ പ്രാധാന്യമുള്ള അൽ ഐൻ സിറ്റി, ഐക്യത്തിൻ്റെയും സമൃദ്ധിയുടെയും ഷെയ്ഖ് സായിദിന്റെ ദർശനത്തിന്റെ പ്രതീകമാണ്. പാരിസ്ഥിതികവും ചരിത്രപരവുമായ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ട് അൽ ഐൻ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ആധുനിക സുസ്ഥിരത സംരംഭങ്ങളുമായി സംയോജിപ്പിച്ച്, ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതിനായി നഗരം പുരോഗതി സ്വീകരിക്കുന്നു. പ്രകൃതി സൗന്ദര്യം സംരക്ഷിക്കപ്പെട്ട സ്ഥലമാണിത്. പാരിസ്ഥിതിക സന്തുലിതത്വ നിർവഹണത്തിന്റെ ഒരു വിളക്കുമാടമായി ഇത് രൂപാന്തരപ്പെട്ടു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആദ്യം ഭരണമേറ്റെടുത്ത പ്രദേശമാണ് അൽ ഐൻ. സമൃദ്ധമായ മരുപ്പച്ചകൾക്കും പുരാതന അഫ്ലാജ് ജലസേചന സംവിധാനങ്ങൾക്കും ഇടയിൽ ഒരു കാർഷിക കേന്ദ്രമായി അറിയപ്പെടുന്നു. 4,000 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന പൈതൃകമാണ് അൽ ഐനിലേത്. യു എ ഇയുടെ യാത്രയെയും സ്ഥാപക പിതാക്കന്മാരുടെ പൈതൃകത്തെയും ആദരിക്കുന്ന നൂതനമായ കഥപറച്ചിൽ സംവിധാനങ്ങൾ ഇത്തവണത്തെ ദേശീയദിനാഘോഷങ്ങളുടെ ഷോയിൽ അവതരിപ്പിക്കും
ഈ വർഷത്തെ ദേശീയ ദിനത്തിലെ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും
സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള യുഎഇ നിവാസികൾ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് ദേശീയദിനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ ആഘോഷങ്ങൾ അതിരുവിടാതിരിക്കാനും അവ വഴിതെറ്റിപ്പോവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ആഘോഷം ഉറപ്പാക്കുന്നതിനുമായി 14 മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം.
- ക്രമരഹിതമായ മാർച്ചുകളും ഒത്തുചേരലുകളും സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യരുത്.
- എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുകയും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുക.
- ഡ്രൈവർമാരോ യാത്രക്കാരോ കാൽനടയാത്രക്കാരോ പാർട്ടി സ്‌പ്രേകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- വാഹനത്തിൻറെ മുന്നിലും പിന്നിലും ഉള്ള ലൈസൻസ് പ്ലേറ്റുകൾ ദൃശ്യമാണെന്ന് ഉറപ്പാക്കുക. വാഹനത്തിന്റെൻറെ നിറം മാറ്റുകയോ വിൻഡ്സ്‌ക്രീൻ ഇരുണ്ടതാക്കുകയോ ടിൻറ് ചെയ്യുകയോ ചെയ്യരുത്.
- ഈദ് അൽ ഇത്തിഹാദിന് മാത്രമുള്ളതും ഔദ്യോഗിക മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നതുമായ സ്റ്റിക്കറുകളും അടയാളങ്ങളും ലോഗോകളും മാത്രമേ വാഹനങ്ങളിൽ സ്ഥാപിക്കാൻ പാടുള്ളൂ.
- ഒരു വാഹനത്തിൽ അനുവദനീയമായതിനേക്കാൾ യാത്രക്കാരുടെ എണ്ണം കവിയരുത്. ജനലിലൂടെയോ സൺറൂഫിലൂടെയോ യാത്രക്കാർ പുറത്തുകടക്കരുത്.
- വാഹനത്തിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നതും കാറുകൾ ശബ്ദമുണ്ടാക്കുന്നതോ കാഴ്ചയെ തടസ്സപ്പെടുത്തുന്നതോ ആയ അനധികൃത ഫീച്ചറുകൾ ചേർക്കുന്നത് ഒഴിവാക്കുക.
- ഗതാഗതം തടസ്സപ്പെടുത്തുകയോ അത്യാഹിത വാഹനങ്ങളുടെ (ആംബുലൻസ്, സിവിൽ ഡിഫൻസ്, പോലീസ് പട്രോളിംഗ്) സഞ്ചാരം തടയുകയോ ചെയ്യരുത്.
- ആന്തരികമോ ബാഹ്യമോ ആയ റോഡുകളിൽ സ്റ്റണ്ടുകൾ നടത്തരുത്.
- വാഹനത്തിൻറെ വശമോ മുൻഭാഗമോ പിൻഭാഗമോ സ്റ്റിക്കറുകൾ കൊണ്ട് മൂടരുത്. ദൃശ്യപരതയെ തടയുന്ന സൺഷേഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്‌കാർഫുകൾ മാത്രം ധരിക്കുക.
- യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻറെ പതാക മാത്രം ഉയർത്തുക. മറ്റ് രാജ്യങ്ങളുടെ പതാകകൾ അനുവദനീയമല്ല.
- ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഔദ്യോഗിക പാട്ടുകളും സംഗീതവും മാത്രമേ ഉപയോഗിക്കാവൂ.
- ഈദ് അൽ ഇത്തിഹാദിന് പ്രത്യേകമായി അനുവദിച്ച യുഎഇ പതാകയോ അനുബന്ധ സ്റ്റിക്കറുകളോ അല്ലാതെയുള്ളവ പതിക്കുന്നതിൽ നിന്ന് ഡെക്കറേഷൻ ഷോപ്പുകളും ഡ്രൈവർമാരും വിട്ടുനിൽക്കണം.
ഡിസംബർ 2 ന് നടക്കുന്ന ഈദ് അൽ ഇത്തിഹാദിൻറെ ഭാഗമായി രണ്ട് ദിവസത്തെ പൊതുഅവധിക്കൊപ്പം, നവംബർ 29 വെള്ളിയാഴ്ച മുതൽ ഒരു നീണ്ട വാരാന്ത്യമാണ് യുഎഇ നിവാസികളെ കാത്തിരിക്കുന്നത്. പൊതു അവധിയുടെ നാല് ദിവസങ്ങളിൽ നിരവധി ഡ്രോൺ ഷോകളും സൈനിക പരേഡുകളും കരിമരുന്ന് പ്രയോഗങ്ങളും സംഗീത കലാ പരിപാടികളും മറ്റുമായി വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്.
+ There are no comments
Add yours